കൊച്ചി: പുതുവർഷത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് 30,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3775 രൂപ. ഇന്ന് മാത്രം പവന് വർദ്ധിച്ചത് 520 രൂപയാണ്. കഴിഞ്ഞ ദിവസം പവന് വില 29,680 രൂപയാണ്. ഗ്രാമിന് 3,710 രൂപയായിരുന്നു. രണ്ടും റെക്കാഡാണ്. കഴിഞ്ഞമാസത്തെ കുറഞ്ഞ വിലയായ 28,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് പവന് 1,680 രൂപ കൂടി. ഗ്രാമിന് 210 രൂപയും ഉയർന്നു.
അമേരിക്ക-ഇറാൻ സംഘർഷം മൂലം ആഗോള ഓഹരി വിപണികളിൽ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. നിക്ഷേപകർ ഓഹരികളിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്ക് ഒഴുക്കുകയാണ്. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം മാത്രമല്ല ഡോളര്‍ ദുര്‍ബലമായതും ആഗോളവ്യാപാരരംഗത്ത് ആത്മവിശ്വാസ കുറവ് പ്രകടമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യൻ വിലക്കയറ്റ സൂചികയിൽ (നാണയപ്പെരുപ്പം) പത്തു ശതമാനത്തിനുമേൽ പങ്ക് ഇന്ധനവില വഹിക്കുന്നുണ്ട്. ഇന്ധനവില കയറുമ്പോൾ മറ്റ് ചരക്കുകളുടെ വിലയും കൂടും. വ്യാവസായിക ഉത്‌പാദനച്ചെലവുമേറും. ഫലത്തിൽ, നാണയപ്പെരുപ്പം ഉയരും. അപ്രതീക്ഷിതമായുണ്ടായ അമേരിക്ക-ഇറാൻ സംഘർഷം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് കുത്തനെ കൂട്ടും. അത്, വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ പരിധിവിട്ട് ഉയരാൻ കാരണമാകും. 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്‌ജറ്രിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ് പുതിയ സാഹചര്യം. കമ്മി നിയന്ത്രിക്കാനായില്ലെങ്കിൽ ചെലവ് ചുരുക്കലിലേക്ക് കേന്ദ്രസർക്കാർ നീങ്ങും.