ന്യൂഡൽഹി: ജെ.എൻ.യുവിൽ ഇന്നലെയുണ്ടായ അക്രമങ്ങൾ ആസൂത്രിതമായി നടത്തിയതാണെന്നതിനുള്ള വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റഡ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് പുറത്തായത്. ജെ.എൻ.യുവിൽ അക്രമികൾക്ക് എത്താനുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന വാട്സാപ്പ് സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ജെ.എൻ.യുവിന്റെ പ്രധാനകവാടത്തിന് മുന്നിൽ സംഘർഷം ഉണ്ടാകേണ്ടതിനെ കുറിച്ചും സന്ദേശത്തിൽ പറയുന്നുണ്ട്.
എ.ബി.വി.പി പ്രവർത്തകരും പുറത്തുനിന്നെത്തിയ ഗുണ്ടകളും ചേർന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാർത്ഥി യൂണിയൻ ഇന്നലെ ആരോപിച്ചിരുന്നു. ഈ ആരോപണം ശക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം, അക്രമത്തിനു പിന്നിൽ ഇടതു സംഘടനകളാണെന്ന് എ.ബി.വി.പിയും പ്രസ്താവിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഡൽഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു.
സംഭവത്തെ തുടർന്ന് ജെ.എൻ.യു വൈസ് ചാൻസലർ രാജിവയ്ക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടപ്പോൾ വിസി ഭീരുവിനെപ്പോലെ പെരുമാറിയെന്നും അക്രമത്തിന് ഡൽഹി പൊലീസ് കൂട്ടുനിന്നെന്നും യൂണിയൻ ആരോപിച്ചു.
ജെ.എൻ.യുവിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോടു റിപ്പോർട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, മന്ത്രിമാരായ രമേഷ് പൊഖ്രിയാൽ, എസ്. ജയശങ്കർ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം, ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മന്ത്രിയും ശിവസേനാ നേതാവുമായ ആദിത്യ താക്കറെ തുടങ്ങിയവർ സംഭവത്തിൽ അപലപിച്ചു.