ഭൂപരിഷ്‌കരണനിയമത്തിന്റെ അമ്പതാംവാർഷികത്തിൽ മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോന്റെ പങ്കാളിത്തത്തെ വിസ്മരിക്കാനുള്ള നീക്കം ഭരണപക്ഷത്തെ മുഖ്യകക്ഷികൾ തമ്മിലുള്ള വലിയപോരിനും വിവാദത്തിനും വഴിതെളിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ അച്ചുതമേനോന്റെ മകൻ ഡോ. വി. രാമൻകുട്ടി 'കേരളകൗമുദി'യുമായി സംസാരിച്ചു. കൗമുദി ടിവി സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന് :
ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാർഷികവേളയിൽ സി.അച്ചുതമേനോന്റെ പേര് ബോധപൂർവം വിസ്മരിക്കപ്പെടുന്നതായി തോന്നിയോ?മുഖ്യമന്ത്രി പോലും ആ പേര് പരാമർശിക്കാതിരിക്കുന്നു. അച്ചുതമേനോന്റെ സ്മരണയെപ്പോലും കളങ്കപ്പെടുത്തുന്നതാണോ പുതിയ വിവാദം?
പേര് പരാമർശിച്ചില്ലെന്നത് വസ്തുതയാണ്.എനിക്ക് തോന്നിയത് ഹാരിപോട്ടർ നോവലുകളിൽ ഒരു വില്ലൻ കഥാപാത്രമുണ്ട് ഓൾഡിമൂർ. അദ്ദേഹത്തിന്റെ പേര് ഒരിക്കലും പറയില്ല.പേര് പറയാൻ പാടില്ലാത്ത ആൾ. എന്നാൽ ആ നോവലിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്നുണ്ട്. ഓൾഡിമൂറായി അച്ചുതമേനോനെ മാറ്റാനാണോ ശ്രമമെന്ന് തോന്നുന്നു. (ചിരിക്കുന്നു)
വില്ലൻ കഥാപാത്രമായി?
അതേ. അതിനുള്ള ശ്രമമാണോയെന്നാണ് എനിക്കിത് കേട്ടപ്പോൾ തോന്നിയത്. എന്റെ അച്ഛൻ തന്നെ ഇതിനെക്കുറിച്ച് പണ്ട് മറുപടി പറഞ്ഞിട്ടുണ്ട്. 'അച്ചുതമേനോൻ ഉണ്ടാക്കിയ ഭൂപരിഷ്‌കരണ നയമൊന്നും കേരളത്തിലില്ലെന്ന് ' കെ.ആർ.ഗൗരി അമ്മ പറഞ്ഞപ്പോൾ അതിനു മറുപടിയായി അച്ഛൻ ലേഖനമെഴുതിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് ' ഞാൻ ഉണ്ടാക്കിയ നിയമവുമല്ല കെ.ആർ.ഗൗരി ചഉണ്ടാക്കിയ നിയമവുമല്ല. ഒരുപാടു പേർ ചേർന്നുണ്ടാക്കിയതാണ് 57 ലെ ഭൂനിയമം' എന്നായിരുന്നു. സി.എച്ച്.കണാരനും ഇ. ഗോപാലകൃഷ്ണമേനോനും പി.കെ.ചാത്തൻമാസ്റ്ററും കൃഷ്ണയ്യരുമടക്കം പലരും ഉണ്ടായിരുന്നു.
സംയുക്ത ശ്രമഫലമായിരുന്നു?
കൂട്ടായ ശ്രമമാണ് . അതിൽ നിന്ന് ഒരാളെയും മാറ്റി നിറുത്താൻ കഴിയില്ല. മാത്രമല്ല ആ ബില്ല് കേരളനിയമസഭ പാസാക്കിയ ശേഷം കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു. അന്ന് കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി അറിയപ്പെട്ട ഗോവിന്ദ് വല്ലഭ് പന്തിനെ കണ്ട് ഇതിന് അനുമതി വാങ്ങാൻ പാർട്ടി പ്രത്യേകം നിയോഗിച്ചത് അച്ചുതമേനോനെയായിരുന്നു. ചരിത്രത്തിലുള്ള കാര്യമാണത്.
ചരിത്രത്തിലുള്ള പങ്കിനെയാണ് മറച്ചുവയ്ക്കുന്നത്.?
അതേ.
ബില്ലിനെ അട്ടിമറിക്കാൻ ശ്രമിച്ചവരുടെ കാര്യമൊന്നും താൻ പറയുന്നില്ലെന്ന് മുഖ്യമന്ത്രി വീണ്ടും പറയുകയുണ്ടായി. പരോക്ഷമായി അത് ലക്ഷ്യം വയ്ക്കുന്നത് അച്ചുതമേനോനെയും അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.ഐയെയുമല്ലേ?
തീർച്ചയായും. 1970 ജനുവരി ഒന്നിന് ബില്ല് പാസായതുകൊണ്ടാണല്ലോ ഇപ്പോൾ അതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നത്. ആ ബില്ല് വെള്ളം ചേർത്ത ബില്ലായിരുന്നെങ്കിൽ എന്തിനാണ് സർക്കാർ ഇത്രയും കേമമായി ആഘോഷിക്കുന്നത്. ചരിത്രം തിരുത്തിയെഴുതുന്നതിനെതിരെ ഇടതുപക്ഷം ഇന്ന് ഒരുമിച്ചു നിൽക്കുമ്പോൾ സ്വന്തം നേട്ടത്തിന്റെ ചരിത്രം മാറ്റിപ്പറയാൻ അവർ ശ്രമിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ 40 കൊല്ലമായി എൽ .ഡി.എഫിന്റെ നേതൃത്വം വഹിക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമാണ് സി.പി.എം. പക്ഷേ അവരിലിപ്പോഴും ആത്മവിശ്വാസക്കുറവ് കാണാം. ചില കാര്യങ്ങളൊക്കെ വരുമ്പോൾ തങ്ങളുടെ പേര് അല്ലെങ്കിൽ സ്ഥാനം പൊയ്‌പ്പോകുമോയെന്ന ആശങ്ക കാണാറുണ്ട്. അതിന്റെ കാരണം മനസിലായിട്ടില്ല.
സി.അച്യുതമേനോന്റെ പേര് കേട്ടാൽ സി.പി.എമ്മിന് അലർജിയാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത് ?
അത് ഒരു പക്ഷേ ശരിയാണ്.
താങ്കളുടെ ഓർമ്മയിൽ അച്ഛനും ഇ.എം.എസും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു?
ഞാനന്ന് വളരെ ചെറിയ കുട്ടിയായിരുന്നു.എന്നാൽ 1964 വരെ വളരെ നല്ല ബന്ധമായിരുന്നു.അദ്ദേഹം നന്തൻകോട് താമസിച്ചിരുന്നു. ഞാനവിടെപ്പോവുകയും അവിടുത്തെ കുട്ടികൾക്കൊപ്പം കളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
ഇ.എം.എസിന്റെ മക്കൾക്കൊപ്പം?
അതേ. എന്നാൽ പിളർപ്പിനു ശേഷം വലിയ ബന്ധമില്ലായിരുന്നു. അവരൊക്കെയായി എനിക്കിപ്പോഴും വളരെ നല്ല ബന്ധമാണ്.
പിളർപ്പിനുശേഷം?
കുടുംബപരമായുള്ള ബന്ധത്തിന് ശൈഥില്യം സംഭവിച്ചുവെന്നുളളത് ശരിയാണ്. രാഷ്ട്രീയമായി നല്ല അകലമായിരുന്നല്ലോ. അച്ഛൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇ.എം.എസ് ആയിരുന്നു പ്രതിപക്ഷ നേതാവ്. പലരും വിസ്മരിക്കുന്ന ഒരു കാര്യമാണത്. അത്ര ശക്തനായ ഒരു പ്രതിപക്ഷ നേതാവ് ഉള്ളപ്പോഴാണ് അച്ഛൻ നാട് ഭരിച്ചത്. എന്ന് മാത്രമല്ല ഏതോ ഒരു നിയമസഭാ പ്രസംഗത്തിൽ എന്റെ രാഷ്ട്രീയ ഗുരുവായ ഇ.എം.എസിന് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം സംസാരിച്ചിട്ടുമുണ്ട്.
ഇ.എം.എസിനെ രാഷ്ട്രീയ ഗുരുവായി അച്ഛൻ കണ്ടിരുന്നു?
കണ്ടിരുന്നു. ആത്മകഥ എഴുതാത്തതെന്താണെന്ന് അച്ഛനോട് ചോദിച്ചപ്പോൾ പറഞ്ഞത് പാർട്ടിയുടെ ചരിത്രം ഇ.എം.എസ് ഭംഗിയായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു. ഇ.എം.എസും ബാലറാമുമൊക്ക നന്നായി എഴുതിയിട്ടുണ്ടെന്നും, താനതിൽ കൂടുതൽ ഒന്നും എഴുതാനില്ലെന്നുമായിരുന്നു. മാത്രമല്ല. താനന്ന് പാർട്ടിയിലില്ല. പിന്നീടാണ് വന്നത്.മറ്റു കാര്യങ്ങൾ പറയാനാണെങ്കിൽ അത് പലരേയും വേദനപ്പെടുത്തുമെന്നും അതിനാലാണ് ആത്മകഥയെഴുതാത്തതെന്നും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അന്നുതൊട്ടേ അച്ചുതമേനോനെ ഒന്ന് കോർണർ ചെയ്യണമെന്ന തോന്നൽ ഉണ്ടായിരുന്നു. ഒരുപക്ഷേ അത് നേരത്തെ സൂചിപ്പിച്ച ആത്മവിശ്വാസക്കുറവിൽ നിന്നുണ്ടായതായിരിക്കാം?
ആയിരിക്കാം. കാരണം 1969 ൽ ഇങ്ങനെ ഒരു മന്ത്രിസഭ ഉണ്ടാകുമെന്നത് സി.പി.എമ്മിന്റെ കണക്കുകൂട്ടലിൽ ഇല്ലാത്ത കാര്യമായിരുന്നു. അത് ഉണ്ടായെന്നു മാത്രമല്ല പലകാരണങ്ങളാൽ ഏഴുവർഷത്തോളം നീണ്ടുപോവുകയും ചെയ്തു. അടിയന്തരാവസ്ഥയൊക്കെ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. അത്രയും നാൾ ഭരിക്കുകയും ആ സഖ്യത്തിന് 1977 ൽ ഭരണത്തുടർച്ച ലഭിക്കുകയും ചെയ്തുവെന്നത് സി.പി.എമ്മിന്റെ കണക്കുകൂട്ടലിൽ ഉണ്ടായ കാര്യമല്ല.
സി.പി.എമ്മിന്റെ ഒരു കുതിച്ചുചാട്ടത്തെ പെട്ടെന്ന് കടിഞ്ഞാണിട്ടതു പോലെയായിരുന്നു?
അതേ. കുറച്ചുകാലത്തേക്കെങ്കിലും. പിന്നീട് അവർ ശക്തമായി തിരിച്ചുവന്നു.
സി.പി.ഐയുടെ നേതൃത്വത്തിലുള്ള സർക്കാരിനാണ് ഭരണത്തുടർച്ച കിട്ടിയത്. ശരിക്കും കോൺഗ്രസിനൊപ്പം നിന്നപ്പോഴല്ലേ സി.പി.ഐക്ക് പ്രാധാന്യം കിട്ടിയത് ?
അത് ശരിയാണ്. ഞാൻ നേരത്തെ പറഞ്ഞതിന്റെ മറുവശം അതുകൂടിയാണ്. കോൺഗ്രസിന് , അന്നത്തെ കോൺഗ്രസിനെങ്കിലും ഈ ആത്മവിശ്വാസക്കുറവ് ഇല്ലായിരുന്നു. ചെറിയ പാർട്ടിയായ സി.പി.ഐയെ മുന്നിൽനിറുത്തി അതിന്റെ നേതാവായ എന്റെ അച്ഛനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടാണ് അവർ ഭരിച്ചിരുന്നത്. അവർക്ക് തങ്ങളുടെ സ്ഥാനം പോയെന്ന ഭയം ഇല്ലായിരുന്നു. എന്നാണ് എന്റെ ഒരു നിരീക്ഷണം. ഇത് തികച്ചും വ്യക്തിപരായ ഒരു കാഴ്ചപ്പാടാണ്. ഞാൻ വലിയ രാഷ്ട്രീയക്കാരനൊന്നുമല്ല. ആ രീതിയിൽ കണ്ടാൽ മതി.
ഇടതുമുന്നണി ശക്തിപ്പെടുത്താൻ സി.പി.ഐ മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു?
അത് ശരിയാണ്. അടിയന്തരാവസ്ഥയെ പിന്തുണച്ചത് തെറ്റായിപ്പോയി എന്ന, ഭട്ടിൻഡാ കോൺഗ്രസിനു ശേഷമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന പാർട്ടിലൈനിന്റെ ഭാഗമായിരുന്നു ആ തീരുമാനം. അങ്ങനെയാണ് പി.കെ.വി മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചത്.
ഒരുപക്ഷേ സി.പി.എമ്മും സി.പി.ഐയും ലയിച്ച് ഒന്നാകുമെന്ന് പി.കെ.വി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം?
എനിക്കങ്ങനെ തോന്നുന്നു. പി.കെ.വാസുദേവൻനായർ ഒരു ശുദ്ധമനസ്‌കനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന് തീർച്ചയായിട്ടും അങ്ങനെയുള്ള ചില വിശ്വാസങ്ങൾ ഉണ്ടായിരുന്നിരിക്കാം. ചരിത്രം അതങ്ങനെയല്ല ഭവിച്ചത്. അതിനെക്കുറിച്ച് കെ.വി.സുരേന്ദ്രനാഥ് പറഞ്ഞതാണ് കൂടുതൽ ശരി. അദ്ദേഹം എന്നോട് പറഞ്ഞു. 'സി.പി.എമ്മുകാരുടെ വിചാരം ഇപ്പുറത്തുള്ളവർ കുറച്ചുകാലം കഴിയുമ്പോൾ ഒന്നൊന്നായിട്ടങ്ങനെ ഒടുങ്ങിപ്പൊയ്‌ക്കൊള്ളും. പിന്നെ നമ്മളേ കാണുള്ളൂവെന്നായിരുന്നു ' അതായിരുന്നു അവരുടെ കണക്കുകൂട്ടൽ . എനിക്കുമങ്ങനെ തോന്നിയിട്ടുണ്ട്. ഏതായാലും ഒരുകാലത്തും സി.പി.എം ലയനത്തിന് അനുകൂലമായ സമീപനം സ്വീകരിച്ചിട്ടില്ല.
സ്വന്തം ശക്തി സി.പി.ഐ നേതൃത്വം തിരിച്ചറിയാത്തതുകൊണ്ടാണോ?
രാഷ്ട്രീയമായി ഒരുപാട് അവസരങ്ങൾ കളഞ്ഞുകുളിച്ച ഒരു പാർട്ടിയാണ് സി.പി.ഐയെന്ന് ഞാൻ പറയും. അടിയന്തരാവസ്ഥയെ പിന്തുണച്ചത് തന്ത്രപരമായ ഒരു പിശകു തന്നെയായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. അന്ന് ശ്രീമതി ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കുകയെന്നത് സോവിയറ്റ് യൂണിയന്റെ ഒരു ലക്ഷ്യമായിരുന്നു. കാരണം ഈ മേഖലയിൽ ആ ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ പിന്തുണച്ചിരുന്നത് ഇന്ത്യ മാത്രമായിരുന്നു. ആ ഭരണം നിലനിറുത്തണമെന്ന സോവിയറ്റ് ആഗ്രഹത്തിന്റെ ഒരു പ്രതിഫലനം സി.പി.ഐയെ സ്വാധീനിച്ചിരുന്നിരിക്കാം. തെറ്റായിരുന്നെങ്കിലും അതിനുവേണ്ടി ഇത്രയും വലിയൊരു ത്യാഗം ചെയ്യേണ്ടിയിരുന്നുവോയെന്നത് അന്ന് ആലോചിക്കേണ്ട വിഷയമായിരുന്നു. കാരണം അത് കഴിഞ്ഞുണ്ടായ പല ഫോർമേഷൻസിലും പല അവസരങ്ങളും സി.പി.ഐ കളഞ്ഞിട്ടുണ്ട്. 1980 നുശേഷം ഒരുപാട് അവസരങ്ങൾ വന്നു. ഗ്രീൻ രാഷ്ട്രീയം. പരിസ്ഥിതിയുടെ രാഷ്ട്രീയം ഇതിലൊക്കെ സി.പി.ഐക്കാർ ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്. ശർമ്മാജിയെപ്പോലെ, സുരേന്ദ്രനാഥിനെപ്പോലെ ഇപ്പോഴും ബിനോയ് വിശ്വമൊക്കെ അതിന്റെ ആൾക്കാരായി നിൽക്കുന്നുണ്ട്, പക്ഷേ അതിന്റെയൊരു നേതൃത്വം ഏറ്റെടുക്കാൻ പാർട്ടിയെന്ന നിലയിൽ സി.പി.ഐക്ക് കഴിയാതെ പോയി. ജെണ്ടർ രാഷ്ട്രീയത്തിലും ശക്തമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജിയെന്ന നിലയിൽ അവർക്കത് ചെയ്യാമായിരുന്നു. ചെറിയ പാർട്ടിയാണെങ്കിലും അതിനൊക്കെ തുടക്കം കുറിച്ച പാർട്ടിയെന്ന നിലയിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ആ അവസരം നഷ്ടപ്പെടുത്തിയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അഞ്ചുവർഷം കഴിയുമ്പോൾ അധികാരത്തിലേക്ക് വരികയെന്ന പരിമിതമായ ലക്ഷ്യത്തിലേക്ക് മാറുകയായിരുന്നു. അതിന് ഇങ്ങനെയൊക്കെ നിന്നാൽ മതിയെന്ന സമീപനമായി.
പാർട്ടിക്കു വലിയരീതിയിൽ വളരാനുള്ള അവസരം കളഞ്ഞുകുളിച്ചു?
എന്റെ വിലയിരുത്തലാണത്.
പാർട്ടി നേതൃത്വത്തിനും പാർട്ടിയെ നയിച്ചവർക്കുമെല്ലാം പറ്റിയ വീഴ്ചയാണ് കാരണം?
എന്ന് ഞാൻ പറയും.
അച്ചുതമേനോനാണെങ്കിലും ഇ.എം.എസാണെങ്കിലും തികച്ചും ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്?
ഇന്നത്തെ കാലത്ത് ലളിത ജീവിതമെന്ന് പറയുമ്പോൾ പല കാര്യങ്ങളും അനിവാര്യമാണ്. കാറിൽ സഞ്ചരിക്കുന്നതിനെയൊന്നും കുറ്റം പറയാൻ സാധിക്കില്ല. നമ്മുടെ പൊതുനിലവാരം തന്നെ ഉയർന്നു. അത് ആദ്യമായി വ്യക്തമായിട്ട് പറഞ്ഞത് സഖാവ് ചന്ദ്രപ്പനാണ്. പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ചന്ദ്രപ്പന് വലിയൊരു കാലഘട്ടം കിട്ടാതെ പോയത് സി.പി.ഐക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു മധ്യവത്കരണം വന്നിട്ടുണ്ടെന്നും അതെല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എല്ലാക്കാലത്തും കഷ്ടപ്പെട്ട് ജീവിക്കണമെന്ന ഫിലോസഫി എന്നും ചെലവാകില്ല.
പല വിഷയങ്ങളിലും സി.പി.ഐ വ്യത്യസ്തമായി അഭിപ്രായം പറയുമെങ്കിലും കടുത്ത നിലപാടിലേക്ക് പോകാൻ സി.പി.ഐക്ക് സാധിക്കുന്നില്ല?
അത് വാസ്തവമാണ്.
എന്തായിരിക്കും കാരണം?
ഇന്നത്തെ നിലയിൽ ഞാൻ പറയുന്നത് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ടെങ്കിൽ പോലും പറയുകയാണ് ആ തലത്തിലുള്ള ഒരു നേതാവും ഇപ്പോൾ പാർട്ടിയിലില്ല. പാർട്ടി ലൈനിനപ്പുറം പുറത്തുള്ളവരുടെയും കൂടി അംഗീകാരവും സമ്മതവും നേടിയെടുക്കാൻ പറ്റുന്ന എമ്മനെപ്പോലെയൊ മറ്റോ ഒരു നേതാവ് ഇപ്പോൾ സി.പി.ഐയിലില്ലെന്നതാണ് ശരി.
ഭൂപരിഷ്‌കരണ നിയമത്തിന്റ കാര്യത്തിലെ സി.പി.ഐ നിലപാടും, ഈ സർക്കാരിന്റെ കാലത്ത് പലവിഷയത്തിലും ഉയർത്തിയ പ്രതിഷേധം പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമോ?
അതിനപ്പുറം പോകുമെന്ന് എനിക്കു തോന്നുന്നില്ല.അത് സി.പി.എമ്മിനുമറിയാം.സി.പി.ഐക്കും അറിയാം
സി.പി.ഐ മാറിച്ചിന്തിക്കണമെന്ന് അഭിപ്രായമുണ്ടോ?
ഇപ്പോഴത്തെ സാഹചര്യത്തിൽ എന്റെ അഭിപ്രായം അതാണ്. രാജ്യത്തിന്റെ മൗലികഘടന മാറിപ്പോകുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. അപ്പോൾ കഴിയുന്നത്ര ഒരുമിച്ചു നിൽക്കണം.
കോൺഗ്രസ് അടക്കമുളളവരുമായി ഒരുമിച്ച് നിൽക്കണമെന്നാണോ?
അങ്ങനെ ഏറ്റവും ശക്തമായി ഇതിനെ എതിർക്കണമെന്നാണ് എന്റെ അഭിപ്രായം.
(അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവിയിൽ ഇന്ന് രാവിലെ 11, രാത്രി 7,ചൊവ്വ രാത്രി 9, ബുധൻ രാവിലെ 9 ന് )