പത്തനാപുരം: സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയ കാമുകി തന്നെ മറക്കുമോ എന്ന ഭയത്തിൽ കാമുകനും, സുഹൃത്തുക്കളും ചേർന്ന് തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയി. പത്തനാപുരത്താണ് സിനിമ തിരക്കഥയെ വെല്ലുന്ന സംഭവം നടന്നത്. പ്രതികളെ അടൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിലിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയിലേക്ക് പത്തനാപുരം സ്വദേശിയായ തിരക്കഥാകൃത്ത് അടൂർ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സിനിമയിൽ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് സ്ഥിരമായി പെൺകുട്ടിയെ വിളിക്കാൻ തുടങ്ങി. സുഹൃത്തിന്റെ ഫോൺ വിളിയിൽ സംശയം തോന്നിയ യുവതി കാമുകനോട് വിവരങ്ങൾ പറഞ്ഞു. ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോ എന്ന സംശയം കാമുകന് തോന്നി തുടങ്ങി. തുടർന്നാണ് യുവാവും സുഹൃത്തുക്കളും ചേർന്ന് തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ശനിയാഴ്ച തിരക്കഥാകൃത്തിനെ അന്വേഷിച്ച് വീട്ടിൽ ചെന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്തിയില്ല. യുവാവും കൂട്ടുകാരും അന്വേഷിച്ച് ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി. തുടർന്നാണ് സിനിമക്കഥയെ വെല്ലുന്ന രീതിയിൽ തിരക്കഥാകൃത്തിനെ നിർബന്ധിച്ച് കാറിൽ കയറ്റി ക്കൊണ്ട് പോയി ചോദ്യം ചെയ്യൽ ആരംഭിച്ചത്.
തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോവുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സൈബർ സെൽ വഴിയുള്ള അന്വേഷണത്തിനൊടുവിലാണ് കാമുകനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തത്. കാമുകി സിനിമനടിയായാൽ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയമാണ് കാമുകനെകൊണ്ട് ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.