തൊടുപുഴ: ചുവപ്പുമാലയുമായി മുമ്പിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് 'ഗോമാതാവ് " തെല്ലൊന്ന് വിരണ്ട് പിന്നോട്ടുമാറി. പന്തിയല്ലെന്ന് മനസിലായ മുഖ്യമന്തി ശ്രമമുപേക്ഷിച്ചു. തൊടുപുഴയിൽ കാർഷിക മേളയോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന കാലി പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ പശുവായ ഗായത്രിക്ക് സമ്മാനം നൽകാനാണ് മുഖ്യമന്ത്രി വേദിയിൽ നിന്നെത്തിയത്. മുഖ്യമന്ത്രി പശുവിന്റെ കഴുത്തിൽ ചുവപ്പ് മാലയിടാൻ ശ്രമിച്ചെങ്കിലും വിരണ്ട് പുറകോട്ടു മാറിയതിനാൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ,ഉടമ വണ്ടമറ്റം അടപ്പൂർ റാബിൻ ബി മാത്യുവിന് മാല നൽകി.
ഇന്ത്യയിലെ ഏറ്റവും നല്ല നാടൻ പശു എന്ന വിഭാഗത്തിലായിരുന്നു മത്സരം. വിദഗ്ദ പാനൽ നടത്തിയ പരിശോധനയിൽ ഗീർ ഇനത്തിൽപ്പെട്ട ഗായത്രിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏറ്റവും ലക്ഷണമൊത്ത പശു ഇതാണെന്നാണ് പാനൽ വിലയിരുത്തിയത്. ഒരു ലക്ഷം രൂപ സമ്മാനമുള്ള വിഭാഗത്തിലേക്ക് മത്സരിക്കാൻ പശുക്കളുമായി നിരവധി കർഷകരെത്തി. ഒന്നാം സമ്മാനം നേടിയ ഗായത്രിക്ക് സമ്മാനം നൽകുന്നതിനിടെ രസകരമായ നിമിഷങ്ങളാണ് വേദിക്കരികെ അരങ്ങേറിയത്. പി.ജെ. ജോസഫ് എം.എൽ.എയാണ് പശുവിന് ഗായത്രിയെന്ന് പേരിട്ടത്. ഗുജറാത്തിൽ നിന്നാണ് ഈ പശുവിനെ റാബിൻ വാങ്ങിയത്. കാലിപ്രദർശനത്തിൽ വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറ്റമ്പതോളം കാലികൾ പങ്കെടുത്തു.