ഇറാൻ സായുധ സേനാ ജനറലായ ഖാസിം സുലൈമാനിയെ അമേരിക്ക കൊല്ലപ്പെടുത്തിയതിൽ ശക്തമായി അപലപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. ഒരു പരമാധികാര രാജ്യത്തിന്റെ, സായുധ സേനയുടെ തലവനെയാണ് അമേരിക്ക കൊലപ്പെടുത്തിയത്. ഈ നടപടി ട്രംപ് ഭരണകൂടത്തിന്റെ അന്താരാഷ്ട്ര കൊള്ളയെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
പശ്ചിമേഷ്യയിലും, ഗൾഫ് മേഖലയിലും ഇത് പ്രതീക്ഷിക്കാനാവാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇനി മുതൽ സംഭവിക്കുന്ന എല്ലാ സംഘർഷത്തിനും, ആക്രമണത്തിനും ഉത്തരവാദി അമേരിക്ക ആയിരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സി.പിഎം പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശിക്കുന്നു.അമേരിക്കയുടെ ഈ നടപടിയെ വിമർശിക്കാൻ പോലും മോദി സർക്കാർ തയ്യാറായില്ല. മുതിർന്ന ഇറാനിയൻ നേതാവിനെ അമേരിക്ക കൊന്നു എന്നു മാത്രമാണ് സർക്കാർ പ്രതികരിച്ചത്. സർക്കാരിന്റെ ഈ നടപടി അമേരിക്കയും ഇന്ത്യയും സഖ്യകക്ഷികളായി മാറിയതിന്റെ സൂചനയാണെന്നും കുറിപ്പിൽ പറയുന്നു.