തൃശൂർ: എക്‌സൈസുകാരെ കണ്ട് ഭയന്ന് തൃശൂർ കരാഞ്ചിറ മുനയം ബണ്ടിന് സമീപം പുഴയിൽ ചാടിയ യുവാവ് മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. യുവാവ് പുഴയിൽ മുങ്ങി മരിക്കുമ്പോൾ എക്സൈസ് സംഘം രക്ഷിക്കാൻ ശ്രമിച്ചില്ലെന്നാണ് ആരോപണം. കൂടാതെ പരാതിക്കാരനായ പ്രദേശവാസി യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ വീഡിയോ എടുത്തതിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. പരാതിക്കാരൻ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇരുപതുകാരനായ അക്ഷയ് പുഴയിൽ വീണ ശേഷം സഹായം അഭ്യർഥിച്ചപ്പോൾ അയൽവാസി നിഷേധിച്ച വീഡിയോ ആണ് പുറത്തായത്. കിഴുപ്പിള്ളിക്കരയ്ക്ക് അടുത്ത് മുനയം ബണ്ടിന് സമീപമായിരുന്നു സംഭവം. കഞ്ചാവ് സംഘങ്ങൾ വ്യാപകമായി വിലസുന്നുവെന്ന പരാതിയെ തുടർന്നാണ് തൃശൂരിൽ നിന്നുള്ള എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് മുനയത്ത് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ എത്തിയത്. ഈ സമയത്തായിരുന്നു പ്രദേശത്തുണ്ടായിരുന്ന യുവാക്കൾ ചിതറിയോടിയത്. ഇപ്പോൾ പുറത്തു വന്ന വീഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഞായറാഴ്ച്ച രാവിലെ തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെ സ്‌കൂബ അംഗങ്ങൾ രാവിലെ 7 മുതൽ 11.30 വരെ മുനയത്ത് തെരച്ചിൽ നടത്തി. കൈയിലുള്ള ആറ് സിലിണ്ടറുകൾ തീർന്നതിനെ തുടർന്ന് തെരച്ചിൽ മുടങ്ങി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഗോപാലകൃഷ്ണൻ, അന്തിക്കാട് എസ്.ഐ: കെ.ജെ ജിനേഷ്, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാധാകൃഷ്ണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.