surya

നിരവധി തമിഴ് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് സൂര്യ. ഏഴാം അറിവ്,​ സിങ്കം,​ കാപ്പാൻ തുടങ്ങി മലയാളികൾക്ക് സൂര്യയെ പ്രിയപ്പെട്ടവനാക്കുന്ന സിനിമകൾ ഏറെയാണ്. അഭിനയത്തിൽ മാത്രമല്ല,​ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് താരം. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക,​ സാമ്പത്തിക ബാധ്യത ഉള്ള കുടുംബങ്ങൾക്ക് ധന സഹായം നൽകുക തുടങ്ങി നിരവധി പ്രവ‌ർത്തനങ്ങൾ സൂര്യ ചെയ്യുന്നു.

പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന് സൂര്യയുടെ പിതാവ് ആരംഭിച്ച സംഘടനയാണ് അഗരം ഫൗണ്ടേഷൻ. കഴിഞ്ഞ ദിവസം അഗരം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചെന്നൈയിൽ പുസ്തക പ്രകാശന ചടങ്ങ് നടന്നിരുന്നു. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയടക്കം പങ്കെടുത്ത പരിപാടിയിൽ സൂര്യ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഗായത്രി എന്ന പെൺകുട്ടിയുടെ കഥ കേട്ടാണ് സൂര്യ പൊട്ടിക്കരഞ്ഞത്. ഗായത്രിയെ ചേ‌ർത്ത് നിർത്തി അഭിനന്ദിച്ച സൂര്യ ഈ പെൺകുട്ടി എല്ലാവ‌ർക്കും പ്രചോദനമാണെന്നും ചടങ്ങിൽ പറഞ്ഞു.

''അച്ഛൻ ക്യാൻസർ വന്ന് മരിച്ചു. അമ്മ കൂലിപണിയെടുത്താണ് കുടുംബം പോറ്റിയത്. എന്നാൽ അച്ഛന്റെ മരണത്തോടെ എന്റെ വിദ്യാഭ്യാസവും മുടങ്ങി. അങ്ങനെയാണ് ഞാൻ അഗരം ഫൗണ്ടേഷനിൽ എത്തുന്നത്. ഇംഗ്ളീഷ് പഠിക്കണമെന്നായിരുന്നു ആഗ്രഹം,​ പഠിച്ചു. ഇപ്പോൾ ഞാൻ അദ്ധ്യാപികയാണ്"" ഇങ്ങനെ നീളുന്നു ഗായത്രിയുടെ വാക്കുകൾ.

ഗായത്രിയുടെ വാക്കുകൾ

'തഞ്ചാവൂരിലെ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണർ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാൻ സർക്കാർ സ്‌കൂളിൽ പഠിക്കുകയായിരുന്നു. സഹോദരൻ ഒൻപതാം ക്ലാസിലും.

അതിനിടയിലാണ് അപ്പയ്ക്ക് അർബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങൾക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയിൽ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോൾ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാൻ പൊട്ടിക്കരഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാൻപഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കിൽ പോലും. അങ്ങനെയാണ് അമ്മ അഗരം ഫൗണ്ടേഷന് കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാൻ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാൻ കേൾക്കുന്നത് അദ്ദേഹത്തിന്റെ മരണ വാർത്തയാണ്.

ഞാൻ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിൽനിന്ന് വരുന്ന പെൺകുട്ടിയാണ്. ഞങ്ങളെ ആരും പരിഗണിക്കുകയില്ല, ഞങ്ങളുടെ പ്രശ്‌നങ്ങൾ ആരും തിരക്കാറുമില്ല. എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് മര്യാദ നൽകിയത് അഗരമാണ്. ഭയമില്ലാതെ സംസാരിക്കാനും തല ഉയർത്തി നിൽക്കാനും എനിക്ക് സാധിച്ചു. ഇംഗ്ലീഷ് പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാൻ ബി.എ ഇംഗ്ലീഷിന് ചേർന്നു. ഇന്ന് ഞാൻ കേരളത്തില്‍ അധ്യാപികയാണ്'- ഗായത്രി പറഞ്ഞു.

It's not the First Time, Proud to have an actor like this @Suriya_offl 👏❤#Agaram pic.twitter.com/s03IQPXedS

— 💥கில்லி💥Niranjan💥 (@A_Thalapathyan) January 5, 2020