വൈവിധ്യമാർന്ന സസ്യലതാദികളാൽ സമ്പന്നമാണ് നമ്മുടെ ഭൂമി. പുല്ല് മുതൽ വൻമരത്തിനും അതിന്റെ പ്രത്യേകതകൾ നൽകി സൃഷ്ടി അവ ഓരോന്നിനെയും പരിപാലിച്ചു വരുന്നു. സാധാരണ മനുഷ്യന്റെ കണ്ണുകൾക്ക് വിലയില്ലാത്തതായി തോന്നുന്ന പലതിന്റെയും മൂല്യം സങ്കൽപ്പങ്ങൾക്കുമപ്പുറമാണ്. അതിലൊന്നാണ് നമ്മുടെ നാട്ടിൻപുറങ്ങളിൽ ചളവൃക്ഷം എന്നറിയപ്പെടുന്ന ചളംപന.
ഈന്തപ്പനയുടെ രൂപഭാവമൊക്കെയാണെങ്കിലും സ്വഭാവം വേറെയാണിതിന്. നട്ടുവളർത്തുന്നവർക്ക് ഇതിന്റെ ഫലം കഴിക്കാനുള്ള ഭാഗ്യം സാധാരണയായി ലഭിക്കാറില്ല. 80 വർഷമെങ്കിലും വേണം മരമൊന്ന് കായ്‌ക്കാൻ എന്നതു തന്നെ കാരണം. എന്നാൽ ഇതിൽ നിന്നും ഉണ്ടാക്കുന്ന ചളങ്ങ പുട്ട്, ചളങ്ങ ദോശ, ചളങ്ങ ഇലയപ്പം തുടങ്ങിയവയുടെ രുചി ഒന്നു വേറെ തന്നെയാണ്. പലതവണ ഊറ്റി വിഷാംശം പൂർണമായി കളഞ്ഞില്ലെങ്കിൽ ചളംപന കൊണ്ടുള്ള പലഹാരം ആകെ 'ചള'മാകുമെന്നതും എടുത്തു പറയേണ്ടതാണ്.
നാട്ടിപുറങ്ങളിലും മറ്റും പതിറ്റാണ്ടുകൾക്ക് മുമ്പ് കല്യാണപ്പന്തലും മറ്റും അലങ്കരിക്കാൻ ചളയോല വ്യാപകമായി ഉപയോഗിച്ചിരുന്നു. കന്യാകുമാരി, തിരുനെൽവേലി ഉൾപ്പെടെ ഏതാനും ജില്ലകളിൽ മാത്രമേ ഇപ്പോൾ ചളംപന കണ്ടുവരുന്നുള്ളൂ.