red-232

''ഞങ്ങൾ രക്ഷിച്ചില്ലെങ്കിലോ?"

ഒരു പോലീസുകാരൻ പരിഹസിച്ചു.

''എങ്കിൽ നിങ്ങൾ വിവരമറിയും. ജനനേതാവിനെ സഹായിച്ചില്ലെങ്കിൽ അതിന്റെ ഫലം നിങ്ങൾ കരുതുന്നതിന്റെ അപ്പുറമാകുമേ..."

ശ്രീനിവാസകിടാവിന്റെ ശബ്ദം മുറുകുകയും അയാൾ കൂടുതൽ ശക്തിയിൽ ചുമയ്ക്കാൻ തുടങ്ങുകയും ചെയ്തു.

''സാറേ... ഇവിടെ നിന്നിറങ്ങിയാൽ ഞങ്ങടെ കസ്റ്റഡിയിലേക്കാ നിങ്ങൾ വരുന്നത്. അത് മറക്കണ്ടാ. ഇടിച്ച് തന്റെ പരിപ്പിളക്കും ഞങ്ങള്. തന്റെ മാസപ്പടി വാങ്ങുന്ന പോലീസുകാരൊന്നും ഇപ്പോൾ നിലമ്പൂർ സ്റ്റേഷനിലില്ല."

കോൺസ്റ്റബിളിന്റെ ശബ്ദവും മുറുകി.

സംഗതി കൂടുതൽ വഷളാകുകയാണെന്ന് ശേഖരൻ ഭയന്നു.

അയാളും ജനാലയ്ക്കലെത്തി.

''സാറേ പ്ളീസ്. ഞങ്ങളെ ഒന്നു പുറത്തിറക്ക്. സി.ഐ അലിയാരെ വിളിക്ക്."

ശേഖരനെ രൂക്ഷമായി ഒന്നു നോക്കിയിട്ട് കോൺസ്റ്റബിൾ, സി.ഐയ്ക്കു കോൾ അയച്ചു.

ആദ്യബെല്ലിനു തന്നെ കിട്ടി.

''സാർ. കിടാക്കന്മാർ കോവിലകത്തുണ്ട്." അയാൾ കാര്യം ചുരുക്കിപ്പറഞ്ഞു.

അപ്പുറത്തുനിന്നു വന്ന മറുപടി കിടാക്കന്മാർ കേട്ടില്ല.

അവർ നോക്കുമ്പോൾ തിരിഞ്ഞുനോക്കാതെ പോലും പോലീസുകാർ നടന്നുപോകുന്നു...

അലിയാരും കൈ വിട്ടെന്ന് കിടാക്കന്മാർക്കു ബോദ്ധ്യമായി.

തീയ്ക്കുള്ളിൽ അകപ്പെട്ട പാമ്പിന്റെ അവസ്ഥയിലായി ഇരുവർക്കും.

''ഇനി നമ്മളെന്തു ചെയ്യും. ശേഖരാ?" ശ്രീനിവാസകിടാവ് ചുമയ്ക്കുന്നതിനിടയിൽ കരച്ചിലിന്റെ വക്കിലെത്തി.

ഇരുവർക്കും ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു..

ഇപ്പോൾ മരിച്ചുവീഴും എന്ന പ്രതീതി.

ശേഖരൻ പിന്നെയും വന്ന് വാതിലിൽ ആഞ്ഞാഞ്ഞടിച്ചു.

''ദയവു ചെയ്ത് നിങ്ങളിതൊന്ന് തുറക്ക്. എന്നിട്ട് എന്തു വേണമെന്നു പറയ്... ഞങ്ങളെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാം..."

അപ്പുറത്തുനിന്ന് അപ്പോഴും മറുപടിയൊന്നും കിട്ടിയില്ല.

ആ സമയത്ത് നിലമ്പൂർ പോലീസ് സ്റ്റേഷൻ....

തന്റെ ക്വാർട്ടേഴ്സിലേക്കു പോകുകയോ ഉറങ്ങുകയോ ചെയ്യാതെ ഇരിക്കുകയാണ് സി.ഐ അലിയാർ.

കിടാക്കന്മാർ വടക്കേ കോവിലകത്ത് ഉണ്ടെന്നറിഞ്ഞതോടെ തന്റെ ജോലിഭാരം പകുതി കുറഞ്ഞതുപോലെ തോന്നി അലിയാർക്ക്.

അയാൾ കസേരയിൽ കുനിഞ്ഞ് ഹാഫ് ഡോറിനടിയിലൂടെ പുറത്തേക്കു നോക്കി.

വിസിറ്റേഴ്സിനുള്ള കസേരയിൽ ചാരിയിരുന്ന് ഉറങ്ങുന്ന ബലഭദ്രൻ തമ്പുരാനെ കണ്ടു.

എന്തോ ചിന്തിച്ചുകൊണ്ട് അലിയാർ എഴുന്നേറ്റ് കാബിനിലൂടെ രണ്ടു ചാൽ നടന്നു. കൈകൾ പരസ്പരം കോർത്തു മടക്കി ഞൊട്ട വിട്ടു.

മീശത്തുമ്പുകൾ മുകളിലേക്കു പി‌രിച്ചുവച്ചു.

പെട്ടെന്നു തനിക്കൊരു തീരുമാനത്തിൽ എത്താൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ആ മുഖത്തു തെളിഞ്ഞു.

അവസാനം അയാൾ സമയം മറന്ന് സെൽഫോൺ എടുത്തു.

എസ്.പി ഷാജഹാന്റെ സെല്ലിലേക്കു വിളിച്ചു. നാലഞ്ചു തവണ ബല്ലടിച്ചതിനുശേഷമാണ് കോൾ അറ്റന്റ് ചെയ്തത്.

''എന്താടോ അലിയാരേ ഈ അർദ്ധരാത്രിയിൽ?"

ഷാജഹാന്റെ ഉറക്കച്ചടവോടെയുള്ള ചോദ്യം.

''സോറി സാർ... എനിക്കൊറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല. കോവിലകത്ത് കിടാക്കന്മാരുണ്ട്."

അയാൾ, പോലീസുകാരൻ ഫോണിൽ പറഞ്ഞ കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു:

''ഇങ്ങനെ പോയാൽ കോവിലകത്തുതന്നെ അവർ മരിച്ചുവീണേക്കും സാർ..."

അപ്പുറത്തുനിന്ന് ഷാജഹാന്റെ അടക്കിയ ചിരികേട്ടു:

''അലിയാരേ.. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു തന്നെയാണ് പോലീസ്. പക്ഷേ കിടാക്കന്മാരെപ്പോലെയുള്ള യമകിങ്കരന്മാർക്ക് നീതി നിഷേധിക്കപ്പെട്ടാലൊന്നും ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. ഏതായാലും നമ്മള് അവരെ കൊല്ലാൻ പോകുന്നില്ലല്ലോ..."

''അതില്ല സാർ. പക്ഷേ..."

''ഒരു പക്ഷേയുമില്ലെടോ. മരിക്കാനാണ് അവരുടെ യോഗമെങ്കിൽ നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നു വിചാരിക്ക്. അവിടെനിന്നു രക്ഷപ്പെടുത്തിക്കൊണ്ടുവന്നാലും രാഷ്ട്രീയത്തിന്റെ കുപ്പായമണിഞ്ഞ ഈ റാസ്കൽസിനെ നമുക്ക് എത്രനാൾ ജയിലിലിടാൻ പറ്റും?"

അലിയാർ കേട്ടുനിന്നു.

ഷാജഹാൻ തുടർന്നു:

''ഇപ്പോൾ കിടാക്കന്മാരെ അറസ്റ്റുചെയ്യുവാൻ മുറവിളി കൂട്ടുന്നവർ പോലും നമുക്കെതിരെ തിരിയുന്ന കാലമാ. പിന്നെ അവന്റെയൊക്കെ പേരിൽ ഹർത്താൽ... പൊതുമുതൽ നശിപ്പിക്കൽ... അപ്പോഴും നമുക്കാ ഇരട്ടിപ്പണി. നഷ്ടം ഇവിടത്തെ പാവപ്പെട്ടവൻ നൽകുന്ന നികുതിപ്പണത്തിനും. അതിന്റെ പേരിൽ പിന്നെയും വലയുന്നത് ജനങ്ങൾ ''സെസ്സ്", തേങ്ങ - മാങ്ങാ എന്നൊക്കെ പറഞ്ഞ് പെട്രോളിൽ തുടങ്ങും ആദ്യം. ഉത്തരവിടുന്നവനൊന്നും പാവങ്ങടെ ബുദ്ധിമുട്ട് അറിയില്ലല്ലോ... അവനൊക്കെ കുളിക്കുന്ന സോപ്പും പല്ലു തേക്കുന്ന ബ്രഷും അടക്കം പൊതുഖജനാവിലെ പണമാണല്ലോ..."

ഒന്നു നിർത്തി ഷാജഹാൻ.

അയാൾ ശ്വാസം വലിച്ചുവിടുന്നത് ഫോണിലൂടെ അലിയാർ കേട്ടു.

''സാർ... അപ്പോൾ ഞാനെന്തു ചെയ്യണം?" അലിയാർ മെല്ലെ തിരക്കി.

''ഇത്രയും പറഞ്ഞിട്ടും തനിക്ക് മനസ്സിലായില്ലേ? താൻ ഇപ്പോൾ എന്തുചെയ്യുന്നു, അതുതന്നെ ചെയ്തുകൊണ്ടിരിക്കുക."

''താങ്ക് യൂ സാർ..."

''ങ്‌ഹാ. തമ്പുരാനെന്തിയേ?"

''ഇവിടെയുണ്ട്."

''ഞാൻ രാവിലെ അങ്ങോട്ടുവരാം."

''ശരി സാർ..."

സി.ഐ അലിയാർ കോൾ മുറിച്ചു. അയാളുടെ മുഖത്തൊരു പുഞ്ചിരി മിന്നി.

ആ നേരത്ത് വടക്കേ കോവിലകത്ത്...

''ശേഖരാ..."

വിളിക്കുകയും ഒന്നു ചുമയ്ക്കുകയും ചെയ്തു എം.എൽ.എ ശ്രീനിവാസകിടാവ്.

പിന്നെ വളഞ്ഞൊടിഞ്ഞതു പോലെ തറയിലേക്കു വീണു.

(തുടരും)