trump-

വാഷിംഗ്‌ടൺ: ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിൽ പ്രതിഷേധിച്ച് യു.എസ് ഉൾപ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവകരാറിൽ നിന്ന് ഇറാൻ പിന്മാറി. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്ന് ടെഹ്‌റാനിൽ ചേർന്ന ഇറാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം തുടങ്ങിയ പ്രവർത്തന മേഖലയിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്ന് ഇറാൻ അറിയിച്ചു.

എന്നാൽ രാജ്യാന്തര ആണവ ഏജൻസിയുമായുള്ള ബന്ധം തുടരാനും അമേരിക്കയുടെ ഉപരോധം പിൻവലിച്ചാൽ കരാറിലേക്കു മടങ്ങിയെത്താമെന്നുമാണ് ഇറാൻ പറയുന്നത്. കരാറിൽനിന്നു 2018ൽ ട്രംപ് പിന്മാറിയിരുന്നു. തുടർന്ന്, ഏതാനും നിബന്ധനകളിൽനിന്ന് ഇറാനും പിന്മാറിയിരുന്നു. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ എന്നായിരുന്നു ആണവ കരാറിൽ നിർദേശിച്ചിരുന്നത്. 300 കിലോഗ്രാമിൽ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി. അധികമുള്ളതു വിദേശത്ത് വില്പന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണുവായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറിൽ അത്തരമൊരു നിർദേശം വച്ചത്. പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം വരുന്നതോടെ ഇറാന്റെ ലക്ഷ്യം അണുവായുധ നിർമാണമായിരിക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇറാക്കും ഇടയുന്നു

അമേരിക്കയ്ക്കെതിരെ കടുത്ത നീക്കത്തിനാണ് ഇറാക്കും ഒരുങ്ങുന്നത്. അമേരിക്കൻ സൈന്യം രാജ്യം വിടണമെന്ന് ഇറാക്ക് പാർലമെന്റിന്റെ അടിയന്തരയോഗം ആവശ്യപ്പെട്ടു. ഇറാക്കിലെ പ്രമുഖ മതനേതാവായ മൊക്താദ അൽ സദ്‌റും അമേരിക്കൻ സേനയെ പുറത്താക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് ആക്രമണം നടത്തിയതിന് അമേരിക്കയ്ക്കെതിരെ ഇറാക്ക് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതിയിൽ പരാതി നൽകി. അമേരിക്കൻ നടപടിയെ യു.എൻ അപലപിക്കണമെന്നും ഇറാക്ക് അവശ്യപ്പെട്ടു.

ഇറാൻ–യുഎസ് ആണവകരാർ

ആണവ പദ്ധതി നിറുത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് 2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. എന്നാൽ, 2018ൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിന്മാറുകയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഇറാന്റെ സമ്പദ്ഘടന പ്രതിസന്ധിയിലായി.എന്നാൽ, വൻശക്തികളുമായുള്ള ആണവ കരാറിൽനിന്നു പിന്മാറുമെന്നും ആയുധ നിർമാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും 2019 മേയ് എട്ടിന് ഇറാൻ ആദ്യ മുന്നറിയിപ്പ് നൽകി. സമ്പുഷ്ട യുറേനിയം വില്പന നിറുത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, 2 മാസത്തിനകം യു എസ് ഉപരോധത്തിൽനിന്നു മറ്റു വൻശക്തികൾ സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി പുനരാരംഭിക്കുമെന്നും പറഞ്ഞു. ജൂലായ് 9നായിരുന്നു ആ മുന്നറിയിപ്പിന്റെ കാലാവധി അവസാനിച്ചത്. വൻശക്തികൾ ഇറാനു സംരക്ഷണം നൽകിയില്ലെന്നു മാത്രമല്ല, ഇറാനെതിരായി ഉപരോധനടപടികൾ ശക്തമാക്കുകയും ചെയ്തു.

ടൈംലൈൻ

2018

മേയ് 9 - ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറുമെന്നും ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം. മേയ് 21: ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണം എന്നതുൾപ്പെടെ 12 ഉപാധികൾ അമേരിക്ക നൽകി. അവ പാലിച്ചില്ലെങ്കിൽ ഉപരോധം എന്ന് ഭീഷണി. ഇറാൻ ഉപാധികൾ തള്ളി ആഗസ്റ്റ് :7 അമേരിക്ക ആദ്യ ഘട്ട ഉപരോധങ്ങൾ പ്രഖ്യാപിച്ചു. നവംബർ : 5 രണ്ടാം ഘട്ട ഉപരോധങ്ങൾ. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് നിരോധനം. 2019 മേയ് 8 ട്രംപ് ആണവകരാറിൽ നിന്ന് പിന്മാറിയതിന്റെ ഒന്നാം വാർഷികത്തിന്റെ തലേന്ന് യുറേനിയം ശേഖരം വർദ്ധിപ്പിക്കുമെന്നും ആണവായുധ ഗ്രേഡിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.