രാഷ്‌ട്രീയ നേതാവ്, എം.എൽ.എ എന്നീ നിലകളിൽ എത്തുന്നതിന് മുമ്പു തന്നെ സിനിമയെ ഹൃദയത്തോട് ചേർത്തുവച്ചയാളാണ് പാലായുടെ സ്വന്തം മാണി സി കാപ്പൻ. നിർമ്മാതാവ്, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ തന്റെതായ സംഭാവനകൾ കാപ്പാൻ മലയാള സിനിമയ്‌ക്ക് നൽകി കഴിഞ്ഞു. മേലെപറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്പീക്കിംഗ്, സി.ഐ.ഡി ഉണ്ണികൃഷ്‌ണൻ ബി.എ, ബി.എഡ് തുടങ്ങിയ തൊണ്ണൂറുകളിലെ പലഹിറ്റ് ചിത്രങ്ങളും നിർമ്മിച്ചത് കാപ്പനായിരുന്നു.
ഇപ്പോഴിതാ സൂപ്പർഹിറ്റായിരുന്ന മേലെപറമ്പിൽ ആൺവീടിന് രണ്ടാംഭാഗം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കൗമുദി ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാണി സി കാപ്പൻ മനസു തുറന്നത്.
'മേലെപറമ്പിൽ ആൺവീടിന് രണ്ടാംഭാഗം ഒരുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. തിരക്കുകളൊഴിഞ്ഞ് കാശും കൈയിൽ വന്നാൽ, ഒരു പ്രോപ്പർട്ടി വിൽക്കാനുണ്ട്. അത് വിൽക്കുന്നത് വരികയാണെങ്കിൽ പടം എടുക്കും. പഴയ മേലെപറമ്പിൽ ആൺവീടിന്റെ ബേസിക് ത്രെഡ് തന്നെയാണ്. പക്ഷേ ഫസ്‌റ്റ് ഹാഫ് ടോട്ടലി മാറ്റമുണ്ട്. മലയാള പയ്യൻ ഗോവയിൽ ചെന്ന് ഹിന്ദിക്കാരി പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വരുന്നതാണ്'- മാണി സി കാപ്പന്റെ വാക്കുകൾ.