കാൻബറ: കാട്ടുതീയിൽ വെന്തുരുകുന്ന ആസ്ട്രേലിയക്ക് ദുഃസ്വപ്നമായി മാറുകയാണ് പൈറോക്യുമുലോനിംബസ് എന്ന മേഘക്കൂട്ടം. 'തീതുപ്പുന്ന മേഘവ്യാളി" എന്നാണ് ആകാശത്തെ ഈ മേഘക്കൂട്ടത്തെ യു.എസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസ വിശേഷിപ്പിച്ചത്. കാട്ടുതീയെത്തുടർന്നുള്ള കനത്ത പുക തണുത്തുറഞ്ഞുണ്ടാകുന്ന ഈ മേഘക്കൂട്ടത്തിന് ആസ്ട്രേലിയയിലെ കാലാവസ്ഥ എങ്ങനെ ആവണം എന്ന് തീരുമാനിക്കാനുള്ള ശക്തിപോലുമുണ്ട്. ഇവ മഴയുണ്ടാക്കുന്നതിലും കൂടുതലായി ഇടിമിന്നലും കൊടുംങ്കാറ്റുമാണ് സൃഷ്ടിക്കുന്നത്. ഇടിമിന്നലിലൂടെ കൂടുതൽ ഇടങ്ങളിൽ കാട്ടുതീയുണ്ടാകാനും കൊടുങ്കാറ്റ് തീക്കനലുകൾ പടരാനും കാരണമാകും. ആസ്ട്രേലിയയിൽ ഇവയ്ക്കൊപ്പം തീ ചുഴലിക്കാറ്റും രൂപപ്പെട്ടിരിക്കുകയാണ്. മുമ്പ് രണ്ട് തീ ചുഴലിക്കാറ്റുകളാണ് നേരത്തേ രൂപപ്പെട്ടിട്ടുള്ളത്. 2018ൽ കാലിഫോർണിയയിലും 2003ൽ ആസ്ട്രേലിയയിലും. പൈറോക്യുമുലോനിംബസ് മേഘങ്ങൾ കാരണമുള്ള കൊടുങ്കാറ്റ് വിക്ടോറിയയിലെ തെക്കൻ മേഖലകളിൽ രൂപപ്പെട്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. സിഡ്നിക്ക് തെക്കായി 387 കിലോമീറ്റർ മാറി സമാനമായ കാലാവസ്ഥ രൂപപ്പെട്ടതിന്റെ മുന്നറിയിപ്പ് ജനുവരി നാലിനും വന്നിരുന്നു. 16 കിലോമീറ്റർ ഉയരത്തിലാണ് ഈ മേഘക്കൂട്ടങ്ങളുടെ രൂപീകരണം.
എന്താണ് പൈറോക്യുമുലോനിംബസ്
കാട്ടുതീ, അഗ്നിപർവത സ്‌ഫോടനം എന്നിവയുടെ ഫലമായാണ് പൈറോക്യുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുന്നത്. വായു ചൂടുപിടിച്ച് മുകളിലേക്ക് അതിവേഗത്തിൽ ഉയരുന്നതിൽ നിന്നാണ് തുടക്കം. കിലോമീറ്ററുകളോളം പുകപടലങ്ങളും ചാരവും ഒപ്പം സഞ്ചരിക്കും. ചിലപ്പോൾ ഭൗമോപരിതലത്തിൽ നിന്ന് ആറു മുതൽ 30 മൈൽ വരെ മുകളിലെത്തും.
മുകളിലേക്കുയരുന്നതിലേക്ക് സമീപത്ത് നിന്നും കൂടുതൽ വായു വന്നുകൊണ്ടിരിക്കും. 'ഇൻഫ്ലോ ജെറ്റ്" എന്ന പ്രതിഭാസം കാട്ടുതീ ശക്തമാകുന്നതിനനുസരിച്ച് തുടരും. വായുപ്രവാഹങ്ങൾ കൂടിച്ചേരുമ്പോൾ ചുഴലിക്കാറ്റ് രൂപപ്പെടും. അതോടെ ചുഴലിക്കാറ്റിലേക്കുള്ള വായുവിന്റെ വരവ് കുറയും. ചുഴലിക്കാറ്റിനകത്തു കുടുങ്ങിയ ചൂടുകാറ്റ് പുറത്ത് പോകുന്നതിന്റെ അളവ് കുറയുകയും. കൊടുംചൂടുള്ള തീച്ചുഴലിക്കാറ്റായിരിക്കും ഫലം.
രക്ഷകാനാകാൻ മഴയ്‌ക്കാകില്ല
നേരിയതോതിൽ ജലബാഷ്പമുള്ള പുകപടലങ്ങൾ പരമാവധി മുകളിൽ പോകും. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ അന്തരീക്ഷത്തിലെ തണുപ്പുകാരണം പുകപടലത്തിന് നീരാവിയെ താങ്ങിനിറുത്താൻ സാധിക്കാതാവും. അതോടെ അതുവരെ അദൃശ്യമായിരുന്ന ജലബാഷ്പം വെളുത്തുകട്ടിയായ മേഘക്കൂട്ടങ്ങളാകും. ഓരോ ജലബാഷ്പവും മേഘമാകുമ്പോൾ അന്തരീക്ഷത്തിലേക്ക് ചൂട് പുറന്തള്ളും. ദശലക്ഷക്കണക്കിനു ജലബാഷ്പങ്ങൾ മേഘങ്ങളാകുമ്പോൾ പുറന്തള്ളുന്ന ചൂടിന്റെ അളവും കൂടും. അതോടെ അന്തരീക്ഷം പിന്നെയും ചൂടുപിടിക്കും. ഇങ്ങനെയാണു കൊടുങ്കാറ്റുണ്ടാകുന്നത്.
അതിനിടെ മേഘങ്ങൾക്കിടയിലെ മഞ്ഞുകണങ്ങൾ കൂട്ടിയിടിച്ച് ഇലക്ട്രിക് ചാർജുണ്ടാകും. അതുവഴിയുണ്ടാകുന്ന മിന്നലിലൂടെ കാട്ടുതീ പുതുതായി രൂപപ്പെടും. ആസ്ട്രേലിയയിലെ പ്രശ്നവും ഇത് തന്നെയാണ്. കാട്ടുതീ വ്യാപിക്കുന്നതോടെ ചൂടുപിടിച്ച വായു പിന്നെയും മുകളിലേക്കുയരും. ഇടയ്ക്ക് മേഘങ്ങൾ മഴയാകുമെങ്കിലും കാട്ടുതീയെ കെടുത്തില്ല. ഇവ നിലത്തെത്തും മുൻപേ ചൂടേറ്റ് നീരാവിയാകും. അതോടെ ഭൗമോപരിതലത്തോടു ചേർന്നുള്ള വായു കൂടുതൽ ചൂടു പിടിച്ച് മുകളിലേക്കുയരും. ഇതൊരു തുടർപ്രക്രിയയാകുന്നതോടെ പ്രദേശത്ത് സ്വന്തമായൊരു കാലാവസ്ഥ രൂപപ്പെടും. തീയും പുകയും കൊടുങ്കാറ്റും ഇടിമിന്നലും ചുഴലിക്കാറ്റും എല്ലാം ചേർന്നു സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ പ്രവചനാതീതമാണ്.