അഭിനേത്രി എന്ന നിലയിൽ മലയാളി പ്രേക്ഷകരുടെ മനസിൽ എന്നേ ഇടം നേടിക്കഴിഞ്ഞു മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങിയ യാത്ര ഇന്നിപ്പോൾ 'പ്രതി പൂവൻ കോഴി'യിൽ എത്തിനിൽക്കുകയാണ്. മഞ്ജുവിനെ പോലെ തന്നെ പ്രേക്ഷകർക്ക് സ്വീകാര്യനായ വ്യക്തിയാണ് സഹോദരൻ മധു വാര്യരും. 2004ൽ വാണ്ടഡ് എന്ന ചിത്രത്തിലൂടെയാണ് മധു സിനിമയിൽ ചുവടു വയ്‌ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്ര്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തെങ്കിലും മുൻനിരയിലേക്കുയരാൻ കഴിഞ്ഞില്ല.
ഇപ്പോഴിതാ അഭിനയരംഗത്ത് നിന്നും സംവിധായകനാകാൻ ഒരുങ്ങുകയാണ് മധു വാര്യർ. ബിജു മേനോനും മഞ്ജു വാര്യരുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചേട്ടന്റെ സംവിധാന സംരഭത്തെ കുറിച്ചുള്ള മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.
'ചേട്ടൻ ഒരുപാട് വർഷമായി ഇതിന്റെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്‌ടവും പാഷനുമാണ്. എന്നാൽ എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ ഞാൻ നേരിട്ടു കണ്ടു. ചേട്ടന്റെ പല പ്രോജക്‌ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്‌ടപ്പെടുന്നതും കണ്ടിട്ടുണ്ട്. ഇപ്പോൾ എല്ലാം ഒത്തുവന്നു. അതിന്റെ സന്തോഷമുണ്ട്. ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമുണ്ട്. ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനുമൊക്കെ കഥ കേട്ടശേഷമാണ് ചേട്ടൻ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാൻ കഥ കേൾക്കുന്നത്'- കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസു തുറന്നത്.
അഭിമുഖത്തിന്റെ പൂർണരൂപം ജനുവരി ലക്കം ഫ്ളാഷ് മൂവീസിൽ.