gold-smugling

കൊച്ചി: ഇറാൻ - അമേരിക്ക സംഘർഷം മൂർച്ഛിച്ചതോടെ സ്വർണവില അന്തമില്ലാതെ കുതിക്കുന്നു. കേരളത്തിൽ പവന് ആദ്യമായി 30,000 രൂപ കടന്നു. ഇന്നലെ 30,200 രൂപയിലായിരുന്നു വ്യാപാരം. ഇന്നലെ മാത്രം 520 രൂപ കൂടി. ഗ്രാം വില 3,775 രൂപയായി. പണിക്കൂലി കൂടിയാകുമ്പോൾ ഒരു പവൻ ആഭരണത്തിന് ₹ 33,000 കവിഞ്ഞേക്കും.

ഇറാനെ പിന്തുണയ്ക്കുന്ന ഇറാക്കിനുമേലും കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്ക നിൽക്കുന്നതും സുലൈമാനിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ ആവർത്തിക്കുന്നതും കാരണം ഓഹരി വിപണി ഇടിയുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. നിക്ഷേപകർ ഓഹരി വിപണി വിട്ട് സ്വർണത്തിലേക്ക് പണമൊഴുക്കുന്നു.

ഇന്ത്യൻ ഓഹരി വിപണയിൽ ഇന്നലത്തെ മാത്രം നഷ്ടം 2.97 ലക്ഷം കോടി രൂപയാണ്. രണ്ടു ദിവസത്തിനിടെ നഷ്‌ടം 3.36 ലക്ഷം കോടി രൂപയും.

കത്തിപ്പടർന്ന് ഇന്ധനം

ഇന്ധന വിലയും അനുദിനം ഉയരുന്നു. ക്രൂഡോയിൽ വില ബാരലിന് ഏഴുമാസത്തെ ഉയർന്ന വിലയായ 64.50 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 70.49 ഡോളറിലേക്കും കയറി. തിരുവനന്തപുരത്ത് ഇന്നലത്തെ പെട്രോൾ വില : ₹79.09. ഡീസൽ : ₹73.80. ഈമാസം ഇതുവരെ പെട്രോളിന് 50 പൈസയും ഡീസലിന് 70 പൈസയും കൂടി.

തകർന്ന് രൂപ

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും 72 നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇന്നലെ 72.08 വരെയെത്തി 71.93ൽ ക്ളോസ് ചെയ്തു.