ടെഹ്റാൻ: ബാഗ്ദാദിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിക്ക് ഇറാൻ ജനതയുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. സുലൈമാനിയുടെ ചിത്രങ്ങളുമായി വിലാപയാത്ര കടന്നുപോയ ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിക്കു മുന്നിൽ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇനി അമേരിക്കയുടെ മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് ആയിരങ്ങളാണു തെരുവിലിറങ്ങിയത്. സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമാധികാരി ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വിലാപ യാത്ര ദേശീയ ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. ദുഃഖസൂചകമായി കറുത്ത റിബൺ സ്ക്രീനിന്റെ ഇടതു വശത്ത് പ്രദർശിപ്പിച്ചിരുന്നു. അന്തിമോപചാര പ്രാർത്ഥനയിൽ സുലൈമാനിയുടെ മകനും നിലവിലെ ഖുദ്സ് കമാൻഡറുമായ ഇസ്മായിൽ ഗാനി, പ്രസിഡന്റ് ഹസൻ റൂഹാനി, പാർലമെന്റ് സ്പീക്കർ അലി ലാരിജാനി, ടോപ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി എന്നിവരും പങ്കെടുത്തു. ഇസ്‌ലാമിക് റിപബ്ലിക്കിന്റെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്ന സുലൈമാനിയുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും അനുശോചനം അറിയിച്ചു.
കണ്ണീരടക്കാനാവാതെ ഖമനയി
ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുല്ല അലി ഖമനയിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു ഖാസിം സുലൈമാനി.
സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നിൽ കണ്ണുനീരടക്കാനാകാതെ ഖമനയി നിൽക്കുന്ന ചിത്രം രാജ്യാന്തര മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. സുലൈമാനി അടക്കമുള്ളവരുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു കൊണ്ടുള്ള പ്രാർത്ഥനയ്ക്കിടെയാണു ഖമനയി വിങ്ങിപ്പൊട്ടിയത്.