ബംഗളൂരൂ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി 13ന് ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് നോട്ടീസ് അയച്ചു. കർണാടക പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറെത്തും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇ.ഡിയുടെ നീക്കം. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ വസതിയിലെത്തി ഡി.കെ. ശിവകുമാർ ചർച്ച നടത്തിയതിനു പിന്നാലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷപദത്തിനായി പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 2017 ആഗസ്റ്റിൽ ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എം.എൽ.എമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ താമസിപ്പിച്ചതിനെ തുടർന്ന് ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ ആധാരമാക്കിയുള്ള കേസിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. ഡൽഹി സഫ്ദർജംഗ്റോഡിലെ ഫ്ലാറ്റിൽ നിന്നു പണം പിടികൂടാനിടയായ സംഭവത്തിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്.