അഹമ്മദാബാദ്: രാജ്യാന്തര വിപണിയിൽ 175 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ ഗുജറാത്തിൽ അറസ്റ്റിൽ. കറാച്ചി സ്വദേശികളായ അനീസ് ഇസ ഭാട്ടി (30), ഇസ്മായിൽ മുഹമ്മദ് കാച്ചി (50), അഷ്റഫ് ഉസ്മാൻ കുച്ചി (42), കരീം അബ്ദുല്ല കുച്ചി (37), അബുബക്കർ അഷ്റഫ് സുമ്ര (55) എന്നിവരാണു പിടിയിലായത്. മത്സ്യബന്ധന ബോട്ടിലൂടെ സംസ്ഥാനത്തേക്കു ലഹരിമരുന്നു കടത്താൻ ശ്രമിക്കവേ അറബിക്കടലിൽ വച്ച് കച്ച് ജില്ലയിലെ ജക്കാവു തീരത്തിന് സമീപം ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ ലഹരിക്കടത്ത് പിടികൂടിയത്. പാകിസ്ഥാനിൽനിന്നു ലഹരി കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് ഒാപ്പറേഷൻ നടത്തിയത്. ഒരു കിലോയുടെ 35 പായ്ക്കറ്റ് ഹെറോയിൻ ആണ് ബോട്ടിലുണ്ടായിരുന്നത്. ഇതിനു 175 കോടി വിലവരുമെന്ന് കോസ്റ്റ് ഗാർഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രതികളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരുന്നു.