കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യം തേടി എട്ടാം പ്രതി മണി എന്ന സുബീഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി സി.ബി.ഐയെ കക്ഷി ചേർത്തു. പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രം റദ്ദാക്കി കഴിഞ്ഞ സെപ്തംബർ 30 ന് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടിരുന്നു. പൊലീസ് നൽകിയ കുറ്റപത്രം റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയിൽ നിലവിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജയിലിൽ അടച്ചിട്ടിരിക്കുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുബീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മകനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വച്ചിരിക്കുന്നത് അന്യായമാണെന്നും ഇതിന് നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് സുബീഷിന്റെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു .കഴിഞ്ഞ വർഷം ഫെബ്രുവരി 17 നാണ് കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാലിനെയും കൃപേഷിനെയും ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സി.പി.എം പ്രവർത്തകർ പ്രതികളായ ഇൗ കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി അന്വേഷണം സി.ബി.ഐക്ക് വിട്ടത്.