election-delhi

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറ പ്രഖ്യാപിച്ചിരിക്കെ ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ ഫലം. 70 സീറ്റിൽ 59 സീറ്റ് വരെ എ.എ.പി നേടിയെടുക്കുമെന്നാണ് എ.ബി.പി ന്യൂസ് നടത്തിയ സർവെയിൽ പറയുന്നത്. അതേസമയം ഡൽഹിയിൽ ബി.ജെ.പി തകർന്നടിയുമെന്നും പറയുന്നു

ബി.ജെ.പി എട്ട് സീറ്റുകൾ നേടുമ്പോൾ കോൺഗ്രസ് മൂന്നു സീറ്റുകളിലൊതുങ്ങുന്നു. 55 ശതമാനം വോട്ടാണ് എ.എപി.ക്ക് ലഭിക്കുക. ബി.ജെ.പിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കുന്നുള്ളൂ. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കൾ 6 ശതമാനം വോട്ടുകൾ കുറയുമെന്നും സർവെയിൽ വ്യക്തമാക്കുന്നു. 2015 ൽ എ.എ.പി 67 സീറ്റ് നേടിയപ്പോൾ ബി.ജെ.പിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസാകട്ടെ സീറ്റൊന്നും നേടാനായില്ല.

കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഒമ്പത് ശതമാനം വോട്ടാണ് ലഭിച്ചത്. അത് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജരിവാളിന് തന്നെയാണ്. കെജരിവാൾ മുഖ്യമന്ത്രിയാകണമെന്ന് 70 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഫെബ്രുവരി 8നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 11നാണ്.