കൊച്ചി : മരടിൽ സ്ഫോടനത്തിലൂടെ തകർക്കേണ്ട കോറൽ കേവ് ഫ്ളാറ്റിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ പൂർത്തിയായി. ആൽഫ സെറൈനിന്റെ ഇരട്ട ടവറുകളിലെ ജോലികൾ നാളെ പൂർത്തിയാക്കും. മുന്നൊരുക്കങ്ങൾ നിശ്ചയിച്ചതുപോലെ മുന്നേറുന്നു. പരിസരവാസികൾ ഒഴിയുന്നതും തുടരുകയാണ്.
ഫ്ളാറ്റിന്റെ തൂണുകളിൽ നിർമ്മിച്ച ദ്വാരങ്ങളിലാണ് അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തി മിനിറ്റുകൾ കൊണ്ട് ഫ്ളാറ്റുകൾ തകർക്കും. പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്സ് ഓർഗനൈസേഷന്റെ (പെസോ) ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇവ നിറയ്ക്കുന്നത്.
കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്ത് എച്ച്.ടു.ഒയിൽ തിങ്കളാഴ്ച സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നു. കോറൽ കോവിലെ നിശ്ചിത നിലകളിൽ നിറയ്ക്കൽ ഇന്നലെ പൂർത്തിയായതായി പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ. വേണുഗോപാൽ കേരളകൗമുദിയോട് പറഞ്ഞു.
ആൽഫ സെറീനിന്റെ ഇരട്ട ടവറുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നത് തുടരുകയാണ്. ആൽഫയുടെ ഒരു ടവറിൽ മൂന്നു നിലകളിൽ നിറച്ചു. ബാക്കി ഇന്ന് പൂർത്തിയാക്കും. രണ്ടാമത്തെ ടവറിലെ ഗ്രൗണ്ട്, ഒന്ന്, ഏഴ്, ഒമ്പത്, 14 നിലകളിൽ നിറച്ചുകഴിഞ്ഞു. ബാക്കി നിലകളിൽ നിറയ്ക്കുന്നത് നാളെ പൂർത്തിയാക്കും.
ഫ്ളാറ്റുകൾക്കെല്ലാം കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. നിശ്ചിത ഉദ്യോഗസ്ഥർ ഒഴികെ മറ്റാർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. പെസോ ഉദ്യോഗസ്ഥർക്ക് പുറമെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പരിഭവവുമായി സമീപവാസികൾ
ഫ്ളാറ്റിന്റെ സമീപവാസികൾ ഒഴിഞ്ഞുപോകുന്നത് തുടരുന്നതിനിടെ താൽക്കാലിക താമസത്തിന് അധികൃതർ വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന പരാതിഉയർന്നു. തേവര എസ്.എച്ച് കോളേജ് ഉൾപ്പെടെ ഏതാനും സ്ഥലങ്ങളാണ് ജില്ലാ അധികൃതർ നിർദ്ദേശിച്ചത്. കുടുംബസമേതം ഇത്തരം കേന്ദ്രങ്ങളിൽ പോകാൻ പലർക്കും താല്പര്യം കുറവാണ്. വീടുകൾ വാടകയ്ക്കെടുത്ത് മാറുന്നതിന് രണ്ടും മൂന്നും മാസത്തെ വാടകയാണ് പലരും ചോദിക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു. വാടകത്തുക നൽകാൻ അധികൃതർ തയ്യാറല്ലെന്ന് സമീപവാസികൾ ആരോപിച്ചു.