തിരുവനന്തപുരം: ഡൽഹിയിലെ ജെ.എൻ.യു കാമ്പസിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം. സ്വരാജ് എം.എൽ.എ . 'ഇത് ഇന്ത്യയുടെ രക്തമാണ്. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാൾ ഇന്ത്യ മാറുക തന്നെ ചെയ്യും. ഓർക്കുക, കണക്കുതീർക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന്' - സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ജെ.എൻ.യുവിൽ ഇന്നലെ നടന്ന ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുണൈറ്റ് എഗയിനിസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങൾ പറന്നത്. അക്രമികൾക്ക് ജെ.എൻ.യുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തിൽ നിർദ്ദേശിക്കുന്നത് വ്യക്തമാണ്. ജെ.എൻ.യു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും സന്ദേശത്തിൽ പറയുന്നുണ്ട്.
അക്രമത്തിൽ പരിക്കേറ്റ് എയിംസിൽ ചികിൽസയിൽ കഴിയുന്നവരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ട് എന്നിവർ സന്ദർശിച്ചു. സർവകലാശാലയിൽ നടന്ന അക്രമസംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അക്രമത്തിന് പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.