തൃക്കാക്കര: സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജോലികഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ബൈക്കിൽ വന്ന യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നിലഗുരുതരമാണ്. പ്രതി കാക്കനാട് പടമുഗൾ താനാപാടത്ത് അമൽ(19) ഒളിവിലാണ്. പെൺകുട്ടി വിവാഹാഭ്യർത്ഥന നിരസിച്ചതാണ് പ്രതി ഈ കടും കൈ ചെയ്യാൻ കാരണമെന്ന് കരുതുന്നു. ഇന്നലെ വൈകിട്ട് 4.45നാണ് സംഭവം
കാക്കനാട് ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്ക് സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജോലികഴിഞ്ഞ് പുറത്തിറങ്ങിയ17കാരിയെയാണ് കുത്തിയത്. യുവതിയുടെ കരച്ചിൽ കേട്ട് സഹപ്രവർത്തക എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.
പ്രതി വന്ന ബൈക്ക് ഇൻഫോപാർക്ക് പൊലീസ് സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. വാഹനത്തിന്റെ ഉടമ അമൽ തന്നെയാണെന്ന് വ്യക്തമായി. ഇയാൾ പ്ളംബറാണ്.
പ്രതിയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ വീട്ടിൽ സഹോദരിയുടെ വിവാഹചടങ്ങ് നടന്നത്. കൂടുതൽ അന്വേഷണം നടക്കുന്നതായി ഇൻഫോപാർക്ക് എസ്.ഐ എ.എൻ. ഷാജു പറഞ്ഞു. പെൺകുട്ടിക്ക് കഴുത്തിലും വയറിലും ഉൾപ്പെടെ നാല് കുത്തേറ്റിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കലൂരിലുളള സ്വകാര്യ കോളേജിൽ ഡി.ഫാം പഠിക്കുന്നതോടൊപ്പം കഴിഞ്ഞ ജൂലായ് മുതൽ സ്വകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈംജോലി ചെയ്യുകയായിരുന്നു പെൺകുട്ടി.