തിരുവനന്തപുരം: വേനൽക്കാലത്തിന് മുന്നോടിയായി നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ തകൃതിയായ ശ്രമങ്ങളിലാണ് വാട്ടർ അതോറിട്ടി. ഇതിന്റെ ഭാഗമായി അരുവിക്കര ജലസംഭരണയിൽ നാല് ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. നാല് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ പ്രതിദിനം 10 ദശലക്ഷം ലിറ്റർ ജലം കൂടി നഗരവാസികൾക്ക് ലഭിക്കും. ഓരോ ഘട്ട നവീകരണവും ഓരോ ദിവസങ്ങളിലായാണ് നടക്കുക. കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റാനുള്ളതിനാൽ ആ ദിവസങ്ങളിൽ ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം താത്കാലികമായി നിറുത്തും. ഒന്നാം ഘട്ടം നവീകരണം ഡിസംബറിലും രണ്ടാംഘട്ടം കഴിഞ്ഞയാഴ്ചയുമാണ് നടന്നത്.
മൂന്നാംഘട്ടം 11നാണ്. അന്ന് 86 എം.എൽ.ഡി ജലശുദ്ധീകരണ ശാല ആറ് മണിക്കൂർ അടച്ചിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന നാലാം ഘട്ടത്തിൽ 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകൾ 16 മണിക്കൂർ അടച്ചിടും. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടിലേറെയായി നഗരവും സമീപ പഞ്ചായത്തുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് അരുവിക്കരയെയാണ്.
വരുന്നൂ, അമൃത് കുടിവെള്ളം
അരുവിക്കരയിൽ പുതുതായി ആരംഭിക്കുന്ന അമൃത് ജലവിതരണ പദ്ധതി കൂടി പൂർത്തിയാകുന്നതോതോടെ നഗരത്തിലേക്കുള്ള ജലവിതരണം ഗണ്യമായി കൂടും. 75 എം.എൽ.ഡിയുടെ പ്ളാന്റാണ് നിർമ്മിക്കുന്നത്. 70 കോടി ചെലവിട്ട് നിർമ്മിക്കുന്ന പ്ളാന്റ് മാർച്ചിൽ കമ്മിഷൻ ചെയ്തേക്കും.
ആകെ 2.60 ലക്ഷം കണക്ഷനുകൾ
നഗരത്തിലെ 70 ശതമാനം ജനങ്ങളും കുടിവെള്ളത്തിനായി വാട്ടർ അതോറിട്ടിയെയാണ് ആശ്രയിക്കുന്നത്. ഏതാണ്ട് 2.60 ലക്ഷം വാട്ടർ കണക്ഷനുകളാണ് നഗരത്തിലുള്ളത്. പ്രതിദിനം 300 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിന്റെ ആവശ്യത്തിനായി വേണം. അരുവിക്കരയിലെ 74, 86, 72 എം.എൽ.ഡി എന്നീ പ്ലാന്റുകളിലായാണ് ഇപ്പോൾ വെള്ളം ഉത്പാദിപ്പിക്കുന്നത്. ഇതുകൂടാതെ വെള്ളയമ്പലത്തെ ബൂസ്റ്റർ പമ്പ് ഹൗസിൽ നിന്ന് 30 ലക്ഷം ലിറ്റർ ജലവും പമ്പ് ചെയ്യുന്നുണ്ട്. അരുവിക്കര ഡാമിന്റെ അപ്പർ ഡാമായി പ്രവർത്തിക്കുന്ന പേപ്പാറയിൽ നിന്ന് പ്രതിദിനം അരുവിക്കരയിലേക്ക് 300 ദശലക്ഷം ലിറ്റർ ജലം എത്തുന്നുണ്ട്. ഇതിൽ നിന്ന് 280 ദശലക്ഷം ലിറ്ററാണ് നഗരത്തിൽ കുടിവെള്ള വിതരണത്തിനായി എത്തിക്കുന്നത്.
ദൈവമണി കമ്മിഷൻ റിപ്പോർട്ട് കൂടി നടപ്പായിരുന്നെങ്കിൽ...
നഗരത്തിൽ തടസമില്ലാതെ കുടിവെള്ള വിതരണം ഉറപ്പാക്കാനായി ദൈവമണി കമ്മിഷൻ സമർപ്പിച്ച ശുപാർശകളെ മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ തലസ്ഥാനത്തെ ജലവിതരണം കാര്യക്ഷമമാകുമായിരുന്നു. പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിൽ മറ്റൊരു ജലസംഭരണിയെന്ന ആശയമാണ് അധികൃതരുടെ അനാസ്ഥയിൽ ഇല്ലാതായത്.
സംഭരണിയുണ്ടായിരുന്നെങ്കിൽ അരുവിക്കരയിൽ നിന്നുള്ള പമ്പിംഗ് നിലച്ചാലും നഗരത്തിന് കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരില്ലായിരുന്നു. 1996-99 കാലഘട്ടത്തിൽ അരുവിക്കരയിൽ മൂന്നാം ലൈൻ പൈപ്പിടുന്ന സമയത്ത് കുമ്മിയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ ഒരാഴ്ചയോളം കുടിവെള്ളം മുടങ്ങി.
പൈപ്പ് പൊട്ടാനുണ്ടായ കാരണം, പുന:സ്ഥാപനത്തിനുള്ള മാർഗം എന്നിവ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മദ്രാസ് മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ബോർഡ് ചെയർമാനായിരുന്ന എസ്. ദൈവമണിയുടെ നേതൃത്വത്തിൽ കമ്മിഷനെ നിയമിച്ചു. അരുവിക്കരയിൽ പമ്പിംഗ് മുടങ്ങുമ്പോൾ പേരൂർക്കട ടാങ്കിൽ വെള്ളം നിലയ്ക്കാതിരിക്കാൻ വഴയിലയിൽ മറ്റൊരു കുളം നിർമ്മിക്കണമെന്നായിരുന്നു കമ്മിഷന്റെ ശുപാർശ. അരുവിക്കരയിൽ നിന്ന് മൂന്നു പൈപ്പ് ലൈനിലെയും വെള്ളം വഴയിലയിലെ കുളത്തിലെത്തിച്ച ശേഷം അവിടെ നിന്ന് പേരൂർക്കട, തിരുമല, ഒബ്സർവേറ്ററി എന്നിവിടങ്ങളിലെ ടാങ്കുകളിൽ കൊണ്ടുവരാമെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. 2002ൽ നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ മാറിമാറിവന്ന സർക്കാരുകൾ നടപ്പാക്കിയില്ല.
പുതിയ പ്ളാന്റ് വരുന്നതോടെ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. - എക്സിക്യുട്ടീവ് എൻജിനിയർ, ഹാർഡ്വെയർ ഡിവിഷൻ, അരുവിക്കര