തിരുവനന്തപുരം: ഒന്നര മാസത്തോളമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ വേദമന്ത്ര ധ്വനികളാൽ മുഖരിതമാക്കിയ മുറജപാചരണം അവസാന ഘട്ടത്തിലേക്ക്. മുറജപത്തിന്റെ ആറാം മുറയ്ക്ക് ഇന്ന് രാത്രി പൊന്നും ശീവേലിയോടെ സമാപനമാകും. ഏഴു മുറകളിൽ അവസാനത്തേതിന് നാളെ രാവിലെ ജലജപത്തോടെ തുടക്കമാകും. ഏഴാം മുറ 15 ന് അവസാനിക്കുന്നതോടെ 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിന് സമാപ്തി കുറിക്കും. മുറജപത്തിന്റെ സമാപനത്തോടനുബന്ധിച്ച് 15 ന് ക്ഷേത്രത്തിൽ ലക്ഷദീപം തെളിയും. അടുത്ത മുറജപം 2025 ൽ നടക്കും.
ശ്രീപദ്മനാഭ പ്രീതിക്കായി ആറു വർഷത്തിലൊരിക്കൽ നടന്നുവരുന്ന മുറജപം ഇതിനു മുമ്പ് 2014 ലാണ് നടന്നത്. ഉത്തര, മദ്ധ്യ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഒട്ടനവധി വേദ പണ്ഡിതരാണ് ഇക്കുറി മുറജപത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വേദ പണ്ഡിതരും വേദ പഠിതാക്കളും അദ്ധ്യാപകരും ഗവേഷകരും മുറജപത്തിനും ഇതിന്റെ ഭാഗമായി നടന്ന ദേശീയ വേദ സമ്മേളനത്തിനും പങ്കാളികളായി.
നവംബർ 21നാണ് മുറജപം ആരംഭിച്ചത്. ഇതിനു മുന്നോടിയായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ മുറജപ, ലക്ഷദീപ വിളംബര ദീപം തെളിച്ചു. ആദ്യമുറയോടനുബന്ധിച്ച് സിംഹാസന വാഹനത്തിൽ പൊന്നും ശീവേലി നടന്നു. 28ന് ആദ്യമുറ അവസാനിച്ചു. നവംബർ 29ന് തുടങ്ങിയ രണ്ടാം മുറജപം ഡിസംബർ 6നും, അടുത്ത ദിവസം തുടങ്ങിയ മൂന്നാം മുറജപം 14നും, 15ന് തുടങ്ങിയ നാലാം മുറജപം 22നും, 23ന് തുടങ്ങിയ അഞ്ചാം മുറജപം 30നും അവസാനിച്ചു. ഓരോ മുറയ്ക്കും ശേഷം അലങ്കരിച്ച വിവിധ വാഹനങ്ങളിൽ ശ്രീപദ്മനാഭ സ്വാമി, നരസിംഹ മൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി വിഗ്രഹങ്ങളെ എഴുന്നെള്ളിച്ച് പൊന്നും ശീവേലി നടന്നു. രാജകുടുംബാംഗങ്ങളും ക്ഷേത്ര ജീവനക്കാരും ഭക്തരും ശീവേലിക്ക് അകമ്പടിക്കാരായി.
എട്ട് ദിവസം വീതമുള്ള ഏഴ് വേദജപങ്ങൾ ചേർന്നതാണ് ഒരു മുറജപം. ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ ഓരോ മുറയും ക്രമത്തിൽ നടന്നു. ദിവസവും രാവിലെ 6.30 ന് ആരംഭിച്ച് വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകൾ മുറപോലെ നടന്നു. രാവിലെ 10.30 ന് അവസാനിക്കുന്ന മന്ത്രോച്ചാരണം വൈകിട്ട് വീണ്ടും ജലജപത്തോടെ തുടരുകയും ശീവേലിയോടെ അവസാനിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. ക്ഷേത്ര തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു വേദപണ്ഡിതരുടെ മന്ത്രോച്ചാരണ മുറ. മുറജപത്തോടനുബന്ധിച്ചുള്ള പന്ത്രണ്ട് കളഭം ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നുണ്ട്. ഇത് നാളെ (എട്ട്) വരെയാണ്. പതിവായി നടക്കുന്ന മാർകളി കളഭം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.
മുറജപത്തിന്റെ ഭാഗമായി നടന്ന ദേശീയ വേദ സമ്മേളനം കഴിഞ്ഞ ദിവസം സമാപിച്ചു. നാരായണ മംഗലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുറജപത്തിന്റെ ഭാഗമായി നൽകുന്ന പ്രഥമ ശ്രീപദ്മനാഭം പുരസ്കാരം ഋഗ്വേദ പണ്ഡിതൻ ഡോ.കെ.എം.ജാതവേദൻ നമ്പൂതിരിക്കു സമർപ്പിച്ചു.
മുറജപത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ, വടക്കേ നടകളിലായി നടന്നുവരുന്ന കലാപരിപാടികൾക്ക് ജനുവരി 14 ന് സമാപനമാകും. സൂര്യ കൃഷ്ണമൂർത്തി രംഗസംവിധാനം ഒരുക്കുന്ന പ്രത്യേക നൃത്ത-നാട്യ ശില്പമായ 'രാധ-കൃഷ്ണ'യോടെയാണ് കലാപരിപാടികൾക്ക് സമാപനം കുറിക്കുക.
ലക്ഷദീപത്തിന് ഒരുങ്ങി ക്ഷേത്രം
മുറജപത്തിന്റെ സമാപന ദിവസവും ഉത്തരായന ആരംഭവും മകരം ഒന്നും ചേർന്ന ജനുവരി 15നാണ് ലക്ഷദീപം. അന്ന് രാത്രി മകര ശീവേലിയും ഉണ്ടായിരിക്കും. ലക്ഷദീപത്തിന് മന്നോടിയായി ശീവേലിപ്പുരയിൽ അധികം ദീപച്ചാർത്ത് ഒരുക്കിയിട്ടുണ്ട്. മുകളിലും വശത്തും വൈദ്യുത ദീപങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലക്ഷദീപം കാണാനും ക്ഷേത്രത്തിൽ നടക്കുന്ന മകരശീവേലി തൊഴാനും 21,000 പേർക്കാണ് പാസ് നൽകിയിട്ടുള്ളത്. ക്ഷേത്രത്തിനുള്ളിലെ ശീവേലിപ്പുരയ്ക്ക് ഇരുവശത്തും ഭക്തർക്ക് ശീവേലി കാണാനുള്ള സൗകര്യമൊരുക്കും. ലക്ഷദീപത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.