തിരുവനന്തപുരം: തലപ്പത്തുള്ളവരുടെ തലതിരിഞ്ഞ പരിഷ്കരണത്തിൽ മികച്ച വരുമാനത്തിലായിരുന്ന കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോ വഴിതെറ്റി ഓടുന്നു. പ്രതിദിനം 65,000 രൂപയാണ് ഡിപ്പോയുടെ ഇപ്പോഴത്തെ നഷ്ടം. പ്രതിദിനം എട്ടു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന ഡിപ്പോയ്ക്ക് ഇപ്പോഴുള്ള ശരാശരി വരുമാനം ഏഴു ലക്ഷം മാത്രം.
ലാഭത്തിലായിരുന്ന സർവീസുകൾക്ക് കൂച്ചുവിലങ്ങിട്ടതും ബസുകൾ കട്ടപ്പുറത്തായതും ജീവനക്കാരില്ലാത്തതുമാണ് ഡിപ്പോയെ തകർച്ചയിലേക്ക് തള്ളിയിട്ടത്. തീരദേശത്തെ പ്രധാന ഡിപ്പോയായ വിഴിഞ്ഞത്ത് 65 ബസുകളും 62 ഷെഡ്യൂളുകളുമാണുള്ളത്. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ ഡിപ്പോയിലെ അഞ്ച് സർവീസുകൾ ദിവസവും നടത്താൻ കഴിയാതായി.
40 ഡ്രൈവർമാർ കൂടിയുണ്ടെങ്കിലേ പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂവാറ്റുപുഴ, പെരുമ്പാവൂർ ഡിപ്പോകളിൽ അധികമുള്ള ഡ്രൈവർമാരെ വിഴിഞ്ഞത്തേക്ക് മാറ്റിയെങ്കിലും അവർ ജോലിയിൽ പ്രവേശിച്ചില്ലെന്നും പരാതിയുണ്ട്. നിലവിൽ 45 ഷെഡ്യൂൾ മാത്രമാണ് ഓടുന്നത്. ഇതുകാരണം തീരദേശത്ത് യാത്രാക്ലേശം രൂക്ഷമായി. 65 ബസുകളിൽ 15 എണ്ണം കട്ടപ്പുറത്താണ്. മൂന്ന് ഷിഫ്ടുകളിലായി ആവശ്യത്തിന് മെക്കാനിക്കുകളുണ്ടെങ്കിലും സെൻട്രൽ ഡിപ്പോയിൽ നിന്ന് സ്പെയർ പാർട്സുകൾ നൽകാൻ നടപടിയുണ്ടാകാത്തതിനാൽ അറ്റകുറ്റപണികളും നടക്കുന്നില്ല. വർക്ഷോപ്പിൽ കയറുന്ന ബസിൽ നിന്ന് സ്പെയർ പാർട്സുകൾ ഇളക്കി വച്ചാണ് അടുത്ത ബസിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ഇപ്പോൾ നടക്കുന്നത്.
1972ൽ ഡിപ്പോ സ്ഥാപിച്ചതു മുതൽ നടത്തിയിരുന്ന വിഴിഞ്ഞം - ചക്കുളത്തുക്കാവ് - എടത്വ സർവീസും, അഞ്ച് വിഴിഞ്ഞം - എറണാകുളം ഫാസ്റ്റ് പാസഞ്ചറുളും നിറുത്തലാക്കി. ജൻറം പദ്ധതിയിലൂടെ വിഴിഞ്ഞത്തിന് കിട്ടിയ അഞ്ച് ലോ ഫ്ളോർ ബസുകളും കട്ടപ്പുറത്താണ്.
ഡിപ്പോയുടെയും അവസ്ഥയും ശോചനീയമാണ്. ഓഫീസ് കെട്ടിടം ഇടിഞ്ഞുവീഴാറായ നിലയിലാണ്. യാത്രക്കാർക്കും ജീവനക്കാർക്കുമായി ഡിപ്പോയിൽ ശൗചാലയമില്ല. കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങളായി. ഡിപ്പോയിലെ റോഡ് തകർന്ന് ബസുകൾക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഡിപ്പോയുടെ ശോചനീയാവസ്ഥയെക്കുറിച്ച് എൻജിനിയറിംഗ് വിഭാഗത്തെ രേഖാമൂലം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
വരുമാനം പോയ പോക്ക്
l ഒരു വർഷം മുമ്പ് പ്രതിദിനം 8 എട്ടു ലക്ഷം വരെ
l ഇപ്പോൾ - 7 ലക്ഷം വരെ
l പ്രതിദിനം - 65,000 രൂപ
l ഷെഡ്യൂൾ മുമ്പ് - 65
l ഇപ്പോൾ - 45
l കട്ടപ്പുറത്തുള്ള ബസുകൾ - 15
l കുറവുള്ള ഡ്രൈവർമാർ - 40
നിറുത്തലാക്കിയ സർവീസുകൾ