ചിത്രീകരണത്തിരക്കുകളിൽ നിന്ന് യുവതാരം ഫഹദ് ഫാസിൽ ഒരു മാസംഅവധിയെടുക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ അവസാന ഘട്ട ചിത്രീകരണത്തിൽ പങ്കെടുത്ത് വരികയാണ് ഫഹദ് ഇപ്പോൾ. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 15 ന് പൂർത്തിയാകും. തുടർന്ന് ഫെബ്രുവരി രണ്ടാം വാരമേ ഫഹദ് പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യൂ.
വർക്കിംഗ് ക്ളാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ്ഫ്രണ്ട്സ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമൊപ്പം നിർമ്മിക്കുന്ന തങ്കത്തിലാണ് ഫെബ്രുവരി മൂന്നാം വാരം മുതൽ ഫഹദ് അഭിനയിക്കുന്നത്. ഫഹദിനൊപ്പം ജോജു ജോർജും ദിലീഷ് പോത്തനുമഭിനയിക്കുന്ന തങ്കം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷഹീദ് അറാഫത്താണ്.
തങ്കത്തിനുശേഷം അഖിൽ സത്യൻ സംവിധായകനാകുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക. നവാഗതരായ സജിമോൻ, ശ്രീജിത്ത് എന്നിവരുടെ ചിത്രങ്ങൾക്കാണ് തുടർന്ന് ഫഹദ് ഫാസിൽ ഡേറ്റ് നൽകിയിരിക്കുന്നത്.അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസാണ് ഫഹദിന്റെ അടുത്ത റിലീസ്. ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തുന്ന ഇൗ ചിത്രത്തിൽ നസ്രിയയാണ് ഫഹദിന്റെ നായിക. നവാഗതനായ വിൻസെന്റ് വടക്കൻ രചന നിർവഹിക്കുന്ന ഇൗ ചിത്രത്തിന്റെ ഛായാഗ്രാഹകൻ അമൽ നീരദാണ്.
അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ട്രാൻസ് എ ആൻഡ് എ തിയേറ്ററുകളിലെത്തിക്കും.