aravind-kejriwal

തിരുവനന്തപുരം: ഡൽഹി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കർ രംഗത്ത്. ഡൽഹിയിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണെന്നും അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപെടുത്തിയാൽ ബി.ജെ.പി ജയിക്കുമെന്നും ജയശങ്കർ പറയുന്നു. ചൂൽ അടയാളത്തിലാണ് ചെയ്യുന്നതെങ്കിൽ ആം ആദ്മി ഭരണം നിലനിർത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടാം തീയതി വോട്ടെടുപ്പ്; 11ന് വോട്ടെണ്ണൽ.

അഞ്ചു വർഷം അഴിമതിയില്ലാതെ ഭരിച്ചതിൻ്റെയും അധികാരം പരിമിതമായിരുന്നിട്ടും പരമാവധി ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കിയതിൻ്റെയും ആത്മവിശ്വാസത്തോടെയാണ് അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും ജെഎൻയു- ജാമിഅഃ സമരങ്ങളും സൃഷ്ടിച്ച ബിജെപി വിരുദ്ധ വികാരവും ആം ആദ്മി പാർട്ടിയ്ക്ക് സഹായകമാകും.

2015ൽ ബിജെപി വിരുദ്ധ വോട്ടുകൾ മൊത്തം കിട്ടിയപ്പോൾ ആം ആദ്മി 70ൽ 67 സീറ്റും നേടി. 2019ൽ അതേ വോട്ട് ബാങ്കിൽ നിന്ന് കോൺഗ്രസ് ഒരു പങ്ക് നേടിയപ്പോൾ ഏഴ് ലോക്‌സഭാ മണ്ഡലവും ബിജെപി കൊണ്ടുപോയി.

ചുരുക്കിപ്പറഞ്ഞാൽ, ജയാപജയങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണ്. അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപെടുത്തിയാൽ ബിജെപി ജയിക്കും. ചൂൽ അടയാളത്തിൽ ചെയ്താൽ, ആം ആദ്മി ഭരണം നിലനിർത്തും.