''ചേട്ടാ..." ശേഖരകിടാവിന്റെ അലർച്ച ആ മുറിക്കുള്ളിൽ തല്ലിയലച്ച് തുറന്ന ജനാല വഴി പുറത്തേക്കു പോയി.
അയാൾ ഓടിച്ചെന്ന് ശ്രീനിവാസകിടാവിനെ കൈകളിൽ കോരിയെടുക്കാൻ ശ്രമിച്ചു.
കഴിഞ്ഞില്ല.
ഭയങ്കര ഭാരം...
ശേഖരൻ പിന്നെയും ചെന്ന് വാതിലിൽ ആഞ്ഞാഞ്ഞടിച്ചുകൊണ്ട് അലറി.
''നിനക്കൊക്കെ തൃപ്തിയായില്ലേടാ ചെകുത്താന്മാരേ... എന്റെ ചേട്ടൻ ചത്തെടാ... ഇനി ആ ശവം നീയെല്ലാം കൂടി വെട്ടിപ്പുഴുങ്ങിത്തിന്ന്."
കോവിലകത്തിനുള്ളിൽ അനക്കമൊന്നും കേട്ടില്ല.
എന്നാൽ ഏതാനും സെക്കന്റുകൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു.
ഭ്രാന്തമായ ആവേശത്തോടെ ശേഖരൻ അവിടേക്ക് ഓടിയടുത്തു.
അടുത്ത നിമിഷം...
പുകയ്ക്കുള്ളിലൂടെ ഒരു കറുത്ത മുഷ്ടി ചീറിവന്നു. ശേഖരന്റെ കഴുത്തിനും നെഞ്ചിനുമിടയിലായിരുന്നു ഇടി.
ഒന്നു നിലവിളിക്കുവാൻ പോലും കഴിയാതെ ശേഖരൻ മലർന്നു വീണു.
അവിടെ കിടന്നുകൊണ്ടുതന്നെ അയാൾ കണ്ടു...
നാലഞ്ച് കറുത്ത വേഷങ്ങൾ അകത്തേക്കു വരുന്നു!
അവർ ശേഖരന്റെ പുറത്തുകൂടി കാൽ
അപ്പുറം വച്ച് ശ്രീനിവാസ കിടാവിന്റെ അടുത്തെത്തി. ശേഷം ചത്ത നാൽക്കാലിയെ വലിച്ചു പൊക്കുന്നതുപോലെ കിടാവിന്റെ കൈ കാലുകളിൽ പിടിച്ചുയർത്തി.
പിന്നെ ശേഖരന്റെ ശരീരത്തെ മുറിച്ചുകടന്ന് പഴയതുപോലെ പുറത്തേക്കു നടന്നു.
ശേഖരൻ വല്ല വിധേനയും ചാടിയെഴുന്നേറ്റ് അവർക്കു പിന്നാലെ ചെന്നു.
''നിങ്ങൾ... ചേട്ടനെ എവിടെ കൊണ്ടു പോവാ?"
ആരും മിണ്ടിയില്ല.
അവർ കിടാവിനെ പാഞ്ചാലിയുടെ മുറിക്കു മുന്നിലെത്തിച്ചു.
ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് അകത്തേക്കു കയറ്റാൻ ഭാവിച്ചു.
ശേഖരൻ പെട്ടന്ന് അവരെ തടയാൻ ശ്രമിച്ചു.
''പറ്റത്തില്ല. ചേട്ടനെ കൊണ്ടുപോകരുത്."
അപ്പോഴും ആരും മറുപടി പറഞ്ഞില്ല. എന്നാൽ മിന്നൽ പോലെ ഒരാൾ വെട്ടിത്തിരിഞ്ഞതും കാലുയർത്തി ഒറ്റ ചവിട്ട്.
ശേഖരന്റെ അടിവയറ്റിൽ.
വല്ലാത്തൊരു വിലാപത്തോടെ, ഒരു ലോഹക്കഷണം വന്നിടിച്ചതുപോലെ മുന്നോട്ടുവളഞ്ഞു പിന്നോട്ടു തെറിച്ചു ശേഖരൻ.
വരാന്തയിൽ നിന്ന് അയാൾ നടുമുറ്റത്തേക്കു വീണു.
കിടാവിനെ അകത്തുകയറ്റി അവർ വാതിൽ അടയ്ക്കുകയും ചെയ്തു.
ഒരു മിനിട്ടോളം നടുമുറ്റത്ത് ശ്വാസം കിട്ടാത്തവനെപ്പോലെ കിടന്നുപോയി ശേഖരൻ.
പിന്നെ എഴുന്നേറ്റ് മണ്ണുതട്ടിക്കളഞ്ഞുകൊണ്ട് തിണ്ണയിലേക്കു കയറി. പാഞ്ചാലിയുടെ വാതിൽ തള്ളിത്തുറന്നു.
അതിനുള്ളിൽ നിറഞ്ഞ നിശ്ശബ്ദത.
പുറത്തെ വെളിച്ചം മാഞ്ഞുതുടങ്ങിയ പുകയ്ക്കുള്ളിലൂടെ ദീർഘചതുരമായി അകത്തെ തറയിൽ പതിഞ്ഞു.
സംശയത്തോടെ മുറിയിൽ കയറിയ ശേഖരൻ ചുറ്റും നോക്കി.
ആരെയും കണ്ടില്ല.
അയാൾ മുറിക്കുള്ളിലെ ലൈറ്റിട്ടു.
ആരുമില്ല!
അകത്തേക്കു കയറിയവരാരും പുറത്തേക്കു പോയിട്ടില്ല എന്ന കാര്യത്തിൽ ശേഖരന് ഉറപ്പുണ്ടുതാനും.
ഇതെന്തു മറിമായം?
ആ മുറിയിൽ നിന്ന് വരാന്തയിലേക്കല്ലാതെ മറ്റൊരു വാതിൽ ഇല്ലതാനും.
അല്പം മുൻപു നടന്നത് പ്രേതമോ പിശാചോ ചെയ്തതാവാൻ വഴിയില്ല. ഇനി ഒക്കെ തന്റെ വിഭ്രാന്തിയായിരുന്നോ?
ഒരുത്തരം കണ്ടെത്താൻ കഴിയാതെ ശേഖരൻ അവിടെത്തന്നെ ഇരുന്നുപോയി.
അര മണിക്കൂർ കഴിഞ്ഞു.
മുഖത്ത് ശക്തമായി വെള്ളം വീണപ്പോൾ ശ്രീനിവാസ കിടാവ് കണ്ണുതുറന്നു.
എവിടെയാണു താൻ?
അയാൾ ചുറ്റും നോക്കി.
ആകാശവും അവിടെ വെളിച്ചം കുറഞ്ഞ നിലാവിനെയും കണ്ടു.
''ങ്‌ഹേ?"
താൻ വെറും നിലത്ത് മലർന്നു കിടക്കുകയാണെന്നു കിടാവ് അറിഞ്ഞു.
തറയോടു പാകിയ നിലത്ത്.
തനിക്കു ചുറ്റും കുറച്ചു രൂപങ്ങൾ നിൽക്കുന്നു.
ചെടികൾ വെട്ടി മനുഷ്യരൂപത്തിൽ ആക്കിയതുപോലെ...
തനിക്ക് എന്താണു സംഭവിച്ചത്? കിടാവ് വലം കൈപ്പത്തികൊണ്ട് സ്വയം തലയ്ക്കടിച്ചു. തുടർന്ന് എഴുന്നേറ്റിരുന്നു.
ചുറ്റും നിൽക്കുന്നവർക്ക് അപ്പുറം കെട്ടിടങ്ങൾ കണ്ടു.
''യ്യോ..."
അറിയാതൊരു ശബ്ദം കിടാവിന്റെ
കണ്ഠത്തിൽ നിന്നുയർന്നു.
തന്റെ അമ്യൂസ്‌മെന്റ് പാർക്കിന്റെ
നടുമുറ്റത്തു തന്നെയാണ് താൻ!
പൊടുന്നനെ മിന്നൽ പോലെ ഒരു ഓർമ്മ കിടാവിന്റെ തലച്ചോറിലുണ്ടായി.
വടക്കേ കോവിലകം.
അവിടെ മുറിക്കുള്ളിൽ ശേഖരനും താനും മുളകുപുക ശ്വസിച്ച്....
''ശേഖരൻ... ശേഖരാ..."
ചുറ്റും നോക്കിക്കൊണ്ട് അയാൾ വിളിച്ചു.
''അയാളിവിടില്ല."
ചുറ്റും നിന്നവരിൽ ഒരാളുടെ ശബ്ദം കേട്ടു.
''എന്നെ ആരാ ഇവിടെ കൊണ്ടുവന്നത്? "
''ഞങ്ങൾ. അല്ലാതാരാ?"
അവർ ഒന്നിച്ചു പൊട്ടിച്ചിരിച്ചു.
''നിങ്ങളൊക്കെ ആരാ?"
''അതൊന്നും ഇനി നിങ്ങളറിഞ്ഞിട്ട് കാര്യമില്ല. മരിക്കാൻ പോകുന്നവൻ അറിഞ്ഞാലെന്താ.... അറിഞ്ഞില്ലെങ്കിലെന്താ?
ചോദിച്ചുകൊണ്ട് അവരിൽ ഒരാൾ കിടാവിന്റെ തൊട്ടു മുന്നിലെത്തി.
''എഴുന്നേൽക്ക്."
പുരുഷന്റെയോ സ്‌ത്രീയുടെയോ എന്ന് തിരിച്ചറിയാനാവാത്ത കൽപ്പന.
അറിയാതെ എഴുന്നേറ്റുപോയി കിടാവ്.
''ദേ... ഞാൻ ആരാണെന്ന് അറിയാതെയാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്തതെങ്കിൽ ഞാൻ മാപ്പു തന്നേക്കാം." കിടാവ് ധൈര്യം സംഭരിക്കാൻ ശ്രമിച്ചു.
''നീ ആരാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, ഞാനാരാണെന്ന് നിനക്കറിയാമോ?" ആ രൂപം ശിരസ്സിലെ കറുത്ത തുണി നീക്കി. കിടാവിൽ ഒരു ഞെട്ടൽ...!
(തുടരും)