abp

ന്യൂഡൽഹി: ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടരുമെന്ന് സർവെ ഫലം. 70 സീറ്റിൽ 59 സീറ്റ് നേടിയാണ് ആംആദ്മി സർക്കാർ അധികാരത്തിലെത്തുകയെന്നാണ് എ.ബി.പി ന്യൂസിന്റെ അഭിപ്രായസർവെ പറയുന്നത്. ബി.ജെ.പിക്ക് എട്ട് സീറ്റ് ലഭിക്കുമ്പോൾ കോൺഗ്രസ് മൂന്ന് സീറ്റ് നേടുമെന്നാണ് സർവെ പറയുന്നത്.

2015ലെ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും തൂത്തുവാരിയാണ് ആംആദ്‌മി പാർട്ടി അധികാരമേറ്റത്. 3 സീറ്റ് മാത്രം ബി.ജെ.പിക്ക് ലഭിച്ചപ്പോൾ ,കോൺഗ്രസ് ഉൾപ്പെടെ മറ്റ് പാർട്ടികളെല്ലാം സംപൂജ്യരായിരുന്നു. ഇത്തവണ 55 ശതമാനം വോട്ട് എ.എ.പിക്ക് ലഭിക്കും. ബി.ജെ.പിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാൾ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സർവെ പറയുന്നത്. കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ്രിവാളിന് തന്നെയാണ്. 70 ശതമാനം പേർ കെജ്രിവാൾ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2015 ഫെബ്രുവരിയിൽ അധികാരമേറ്റ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടി സർക്കാരിന്റെ കാലാവധി അടുത്ത മാസം 22ന് പൂർത്തിയാവും. വൈദ്യുതിയും കുടിവെള്ളവും സൗജന്യമാക്കിയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയും സാധാരണക്കാരുടെ കൈയടി വാങ്ങിയ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാർട്ടിയും ഡൽഹിയിൽ ആധിപത്യം സ്ഥാപിക്കാൻ ബി.ജെ.പിയും പ്രതാപകാലം വീണ്ടെടുക്കാൻ കോൺഗ്രസും ഇറങ്ങുന്ന ത്രികോണ അങ്കത്തിനാണ് അരങ്ങൊരുങ്ങുന്നത്.