-jaishankar

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്ന അക്രമത്തെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രംഗത്തെത്തി. താന്‍ ജെ.എന്‍.യുവില്‍ പഠിക്കുന്ന സമയത്തൊന്നും അവിടെ ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ചൈനയെ കുറിച്ചുള്ള ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

സര്‍വകലാശാലയുടെ മുഴുവന്‍ അന്തസിനും കോട്ടംതട്ടും വിധമാണ് ഒരു കൂട്ടം ദേശവിരുദ്ധ മുദ്രാവാക്യങ്ങളും അക്രമവും നടത്തിക്കൊണ്ടിരിക്കുന്നതെന്നു ജയ്ശങ്കര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെയും ഇടതുപാര്‍ട്ടികളെയും ആക്ഷേപിക്കാനായി ബി.ജെ.പി നിരന്തരം നടത്തുന്ന പ്രയോഗമാണ് 'തുക്ഡെ, തുക്ഡെ ഗാങ്'. പ്രശ്നപരിഹാരത്തിന് സമീപനമുള്ളവരാണ് മോദി സര്‍ക്കാരെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നങ്ങളായ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, അയോദ്ധ്യ എന്നിവ പരിഹരിച്ചതില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്​ച ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെതിരെ നടന്ന അക്രമങ്ങളെ ജയ്​ശങ്കർ അപലപിച്ചിരുന്നു. ജെ.എൻ.യുവി​ന്റെ പാരമ്പര്യത്തിന് ചേരുന്നതല്ല അക്രമ സംഭവങ്ങളെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.