യുക്തിപരമായ ചിന്ത നിങ്ങളുടെ ബുദ്ധിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. നിങ്ങൾ ശ്വസിക്കുമ്പോൾ, ഓക്സിജൻ മാത്രമേ എടുക്കാവൂ, കാർബൺ ഡൈ ഓക്സൈഡ് ഉപേക്ഷിക്കണമെന്ന് ശരീരത്തിനറിയാം. ഇത് വളരെ വലിയ ഒരു അറിവാണ്. ശരീരത്തിൽ നിരന്തരം പ്രവർത്തിക്കുന്ന ധാരാളം ബുദ്ധിയുണ്ട്. നിങ്ങൾ അറിയാതെയോ അബോധാവസ്ഥയിലോ കോമയിലോ ആണെങ്കിൽപ്പോലും ഈ ബുദ്ധി പ്രവർത്തിക്കുന്നു. അതിന് നിങ്ങളുടെ ആവശ്യമില്ല, അത് നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള ബുദ്ധി പ്രവർത്തിക്കാതെയാവുമ്പോൾ ശരീരത്തിന് അസുഖം വരുന്നു. ശരീരത്തിൽ ബുദ്ധി പൂർണമായും പ്രവർത്തിച്ചിരുന്നെങ്കിൽ എന്തെങ്കിലും രോഗാണുക്കൾ ഉള്ളിൽ കയറിയാൽ എന്തുചെയ്യണമെന്ന് ശരീരത്തിന് മനസിലാവുമായിരുന്നു.
എല്ലാ അറിവുകളും ശരീരത്തിനുള്ളിൽ തന്നെയുണ്ട്, സ്വയമെങ്ങനെ ശുദ്ധീകരിക്കാമെന്നും, സ്വയമെങ്ങനെ പുനർനിർമ്മിക്കാമെന്നും. പക്ഷേ, പല കാരണങ്ങളാൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ശരീരബുദ്ധി പ്രവർത്തിക്കാതെയാവുന്നു. ബുദ്ധിയെന്നു പറയുമ്പോൾ യുക്തിപരമായ ചിന്തയായിട്ടല്ല, ജീവിതത്തെയാണ് നാം നോക്കുന്നത്. ബുദ്ധിയെ ജീവിതത്തിന്റെ ഉപാധിയായും അടിസ്ഥാന സ്രോതസായും നമ്മൾ കാണുന്നു. അസ്തിത്വത്തിലുള്ള എല്ലാം വളരെ ബുദ്ധിപരമാണ്. നിങ്ങൾ നടക്കുന്ന ഭൂമി, അത് എത്ര ബുദ്ധിപരമാണെന്ന് നോക്കുക. നിങ്ങൾ ഒരു വേപ്പിന്റെ വിത്ത് ഭൂമിയിൽ ഇടുകയാണെങ്കിൽ, ഒരു വേപ്പ് മരം മാത്രമേ അതിൽ നിന്ന് വരൂ. നിങ്ങൾ ഒരു മാങ്ങയുടെ വിത്തിട്ടാൽ അതിൽ നിന്ന് മാവ് മാത്രമേ വരൂ. ഭൂമി ഒരിക്കലും ആശയക്കുഴപ്പത്തിലാവാറില്ല, ഒരു മാങ്ങവിത്തിൽ നിന്ന് ഒരു വേപ്പ് മരത്തെയോ വേപ്പിൻ വിത്തിൽ നിന്ന് ഒരു മാവിനേയോ ആണോ മുളപ്പിക്കേണ്ടതെന്ന് ! ഭൂമിയുടെ ബുദ്ധി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല, അത് എല്ലായ്പ്പോഴും പ്രവർത്തിക്കുന്നു. നിങ്ങൾ നടക്കുന്ന മണ്ണ് തന്നെ എത്ര ബുദ്ധിപരമാണെന്ന് നോക്കൂ.
ബുദ്ധി എന്നാൽ അടിസ്ഥാന ബുദ്ധി. അത് എല്ലാറ്റിന്റെയും അടിസ്ഥാനവും നിലനില്പിന്റെ സ്രോതസുമാണ്. ഇപ്പോൾ നിങ്ങളുടെ ജീവന്റെയും ആധാരവും ഉപാധിയുമാണ് . അത് ഉയർന്ന തോതിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, ജ്ഞാനോദയം എന്നതുകൊണ്ട് അർത്ഥമാക്കുന്നതും ഇതുതന്നെയാണ്. ജീവന്റെ കാതലായ അടിസ്ഥാന ബുദ്ധി, നിങ്ങളുടെയുള്ളിൽ പൂർണമായും പ്രവഹിക്കുന്നുണ്ട്. അതാണ് ജ്ഞാനോദയം.
ജ്ഞാനോദയം നേടിയ ഒരു വ്യക്തി യുക്തിപരമായി മിടുക്കനായിരിക്കണമെന്നില്ല, എന്നാൽ അദ്ദേഹത്തിന്റെ അടിസ്ഥാന ജീവിത ബുദ്ധി, തന്നിൽത്തന്നെ പ്രവർത്തിക്കുന്നതിനൊപ്പം, പൂർണമായി പ്രവഹിക്കുന്നു. വേണമെങ്കിൽ അയാൾക്ക് പുറമേയുള്ള സാഹചര്യങ്ങളിൽ മിടുക്കനാകാം. ബാഹ്യലോകത്തിനു വേണ്ടി മിടുക്കാനാകുന്നതിന്റെ ആവശ്യം അദ്ദേഹത്തെ അലട്ടുകയില്ല. പരമശിവൻഇതുപോലെയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പരമശിവനെ ഭോലെനാഥായി ആരാധിക്കുന്നു. ഭോലെനാഥ് എന്നാൽ 'നിഷ്കളങ്കൻ " അഥവാ 'അറിവില്ലാത്തവൻ" എന്നാണ്. അപ്പോൾ ബുദ്ധിയെന്ന് പറയുമ്പോൾ, നമ്മൾ മിടുക്കരാവാനല്ല നോക്കേണ്ടത്. ജീവനെ സംഭവ്യമാക്കി അതിന്റെ പൂർണ പ്രവാഹത്തിലേക്ക് എത്തിക്കുന്ന തലത്തിലേക്കാണ് നോക്കേണ്ടത്.