it-

രാജ്യത്ത് 80 ശതമാനം കമ്പനികളും അഞ്ച് വർഷത്തിനുള്ളിൽ പൂട്ടിപ്പോകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പറയുന്നവർക്ക് തലയ്ക്ക് സുഖമില്ലന്നേ എല്ലാവരും പറയൂ. എന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 80 ശതമാനം കമ്പനികളിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എ.ഐ) നടപ്പിലാക്കിയില്ലെങ്കിൽ പൂട്ടിപ്പോകുമെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. ആക്സഞ്ചർ എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവന്നത്. പഠനം നടത്തിയ കമ്പനികളിൽ 79 ശതമാനം വരുന്ന സി-ലെവൽ എക്‌സിക്യുട്ടീവുമാർ പറയുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്ഥാനം നൽകിയില്ലെങ്കിൽ കമ്പനികളെല്ലാം അഞ്ച് വർഷത്തിനുള്ളിൽ പൂട്ടിപ്പോകുമെന്നാണ്. നിലവിൽ ചില കമ്പനികൾ മാത്രമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇടം നൽകിയിട്ടുള്ളത്.

ഇപ്പോൾ എ.ഐ നടപ്പാക്കിയ കമ്പനികൾ ഇന്ന് മൂന്നിരട്ടി മെച്ചപ്പെട്ട പ്രകടനാണ് കാഴ്ചവയ്‌ക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എ.ഐയെ തങ്ങളുടെ കമ്പനികളിൽ ഇടപെടാൻ അനുവദിച്ചിരിക്കുന്ന കമ്പനികൾക്ക് 70 ശതമാനം വരെ അധികനേട്ടം കൈവരിക്കാനായെന്നും അക്‌സഞ്ചർ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ എ.ഐയുടെ സാദ്ധ്യത പഠിക്കാത്ത കമ്പനികൾ അതുടനെ ചെയ്യുകയും ഇക്കാര്യത്തിൽ മുന്നോട്ടു പോയിരിക്കുന്ന കമ്പനികളിൽ നിന്ന് പഠിക്കുകയും വേണമെന്ന് അവർ പറയുന്നു. എ.ഐയിൽ നിക്ഷേപം നടത്താത്ത കമ്പനികളുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമായിരിക്കില്ലെന്ന് ആക്‌സഞ്ചർ തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യയെ കൂടാതെ പതിനൊന്ന് രാജ്യങ്ങളിലെ കമ്പനികളിലെ എക്സിക്യൂട്ടീവുമാരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. 100കോടി ഡോളർ വാർഷികവരുമാനമുള്ള കമ്പനികളിൽ നിന്നാണ് എക്സിക്യുട്ടീവുമാരെ തിര‌ഞ്ഞെടുത്തത്. 1,500 എക്‌സിക്യൂട്ടീവുമാർ ഇതിൽ പങ്കെടുത്തു. ഈ കമ്പനികൾ 16തരം വ്യത്യസ്ത ബിസിനസ് ചെയ്യുന്നവയാണ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന കമ്പനികളുടെ വിജയ രഹസ്യവും ഗവേഷണത്തിൽ പറയുന്നുണ്ട്. ശക്തമായ ഡേറ്റാ അടിത്തറ, എഐക്കു മാത്രമായി ഒന്നിലേറെ ടീമുകൾ, സിസ്യൂട്ടുകൾ മുൻകൈ എടുത്തു കൊണ്ടുവരുന്ന എ.ഐ നടപ്പാക്കൽ എന്നിവയാണത്.

മുന്നിലെത്തിയിരിക്കുന്ന കമ്പനികൾക്ക് തങ്ങളുടെ എതിരാളികളെക്കാൾ രണ്ടിരട്ടി എങ്കിലും എ.ഐയുടെ ഇടപെടലോടെ പ്രവർത്തിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, മുന്നിലെത്തിയിരിക്കുന്ന കമ്പനികൾ എ.ഐക്കു അധികം നിക്ഷേപം നടത്തിയില്ലെന്നതാണ് പ്രധാനവസ്തുത.