straight-line

തിരുവനന്തപുരം.അടിയന്തരാവസ്ഥയുടെ പേരിൽ പല സഖാക്കളും അനുഭവിച്ച ബുദ്ധിമുട്ടുകൾ ഉൾക്കൊണ്ടാണ് തന്റെ അച്ഛൻ മുൻ മുഖ്യമന്ത്രി സി.അച്ചുതമേനോൻ അതിനുശേഷം ഇലക്ഷനിൽ മത്സരിക്കാതിരുന്നതും,അധികാര സ്ഥാനങ്ങളിലേക്ക് വരാതിരുന്നതുമെന്ന് മകൻ ഡോ.വി.രാമൻകുട്ടി പറഞ്ഞു.' കൗമുദി ടിവി' യുടെ പ്രതിവാര അഭിമുഖ പരിപാടിയായ ' സ്‌ട്രെയിറ്റ് ലൈനിൽ ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് പുതിയൊരു വികസന സംസ്‌ക്കാരം നൽകിയ മികച്ച ഭരണാധികാരിയാണ് അച്ചുതമേനോൻ.എന്നാൽ അടിയന്തരാവസ്ഥയുടെ പേരിൽ വിമർശനങ്ങൾ ഏറെ കേട്ടു?

അടിയന്തരാവസ്ഥയുടെ കാലത്ത് രണ്ട് തവണ അച്ഛൻ രാജി വയ്ക്കാൻ ഒരുങ്ങിയിരുന്നു.ഈ രീതിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.എന്നാൽ പാർട്ടി സമ്മതിച്ചില്ല.പാർട്ടിയുടെ ലൈൻ വ്യത്യസ്ഥമായിരുന്നു. അന്ന് ശ്രീമതി ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കുകയെന്ന സോവിയറ്റ് നിലപാടിന്റെ പ്രതിഫലനം സി.പി.ഐയുടെ തീരുമാനത്തെ സ്വാധീനിച്ചിരുന്നു.സി.പി.ഐക്കാരനായിരുന്നു തന്നെ നിഖിൽ ചക്രവർത്തി തന്റെ മെയിൻ സ്ട്രീമിൽ അടിയന്തരാവസ്ഥയെ വിമർശിച്ച് ലേഖനമെഴുതി.അടിയന്തരാവസ്ഥയെ പിന്തുണച്ചത് തന്ത്രപരമായ ഒരു പിശകാണെങ്കിലും അതിന് മുന്നണി വിട്ട് അത്രയും വലിയ ത്യാഗം ചെയ്യേണ്ടിയിരുന്നുവോയെന്ന് അന്ന് ആലോചിക്കേണ്ട വിഷയമായിരുന്നു.

രാജൻ സംഭവവും ഈച്ചരവാര്യരുടെ വിലാപവും കേരള മന:സാക്ഷിയെ തന്നെ ഉലച്ചതാണ് .അതേക്കുറിച്ച് അച്ഛൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

അച്ഛൻ വീട്ടിലൊന്നും പറഞ്ഞിട്ടില്ല.രാജന്റെ സംഭവത്തിന്റെ അടിസ്ഥാനത്തിലല്ല ,അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അച്ഛൻ ഞാൻ നേരുത്തെ പറഞ്ഞതുപോലെ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിന്നീട് വിട്ടുനിന്നത്.ഈച്ചരവാര്യർ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ സംഭവിച്ചതെങ്കിൽ അത് നിർഭാഗ്യകരം തന്നെയാണ്.അച്ഛനായാലും ഞാൻ അങ്ങനെയേ പറയു.ആരും പരിപൂർണനല്ലല്ലോ.

അക്കാര്യത്തിൽ അച്ചുതമേനോൻ ഒരുപാട് പഴികേട്ടു?

അതെ.പക്ഷെ ഈ സർക്കാരിന്റെ കാലത്തുപോലും ലോക്കപ്പ് മരണങ്ങൾ നടക്കുന്നില്ലേ.പൊലീസിനെ നിയന്ത്രിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഭരണത്തിൽ വരുമ്പോഴെ അറിയുകയുള്ളു.