കൊച്ചി: സംരക്ഷിത വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ച വീഡിയോ വ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പ് കേസെടുത്തു. അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും പൂയംകുട്ടി റേഞ്ചിലും അനുമതിയില്ലാതെ പ്രവേശിച്ചതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ അപോല്ഡ് ചെയ്തിട്ടുമുണ്ട്.
നേര്യമംഗലം റേഞ്ചിൽപ്പെട്ട ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലും, മലയാറ്റൂർ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തുന്ന സാഹസിക ഓഫ് റോഡിങ് ആണ് വീഡിയോയിൽ ഉള്ളത്. ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ കൊണ്ടുപോകുന്നതിന് അനുമതിയില്ലാത്ത ക്ണാച്ചേരി അമ്പലത്തിന്റെ ഭാഗത്തേക്ക് ജീപ്പിൽ പോകുന്നതും, പാറപ്പുറത്ത് സാഹസികമായി ജീപ്പ് കയറ്റുന്നതുമെല്ലാം വിഡിയോയിലുണ്ട്. കാട്ടിനുള്ളിൽ കുടുങ്ങിപ്പോകുന്ന ജീപ്പ് തള്ളി പുറത്തെത്തിക്കുന്നതും ഇരുപത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്.