siddhique-actor

മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ് ഗോഡ്ഫാദർ. തിയേറ്ററിൽ ഏറ്റവും അധികം ദിവസം പ്രദർശിപ്പിക്കപ്പെട്ട സിനിമയെന്ന ഗോഡ്ഫാദറിന്റെ റെക്കോർഡ് മറികടക്കാൻ ഇതുവരെയ്ക്കും മറ്റൊരു മലയാള ചിത്രത്തിന് കഴിഞ്ഞിട്ടില്ല. പിന്നെയും പലതവണ ഹിറ്റുകൾ ഒരുക്കിയ സിദ്ദിഖ് ലാൽ എന്ന വിജയജോഡികളുടെ തുടർന്നുള്ള സഞ്ചാരം രണ്ടുവഴികളിലൂടെയായി. ലാൽ മികച്ച നടനായപ്പോഴും സിദ്ദിഖിന് പ്രിയം സംവിധായകന്റെ കുപ്പായത്തോടു തന്നെയായിരുന്നു. തന്റെ സിനിമാ അനുഭവങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ് സിദ്ദിഖ്.

വിയറ്റ്നാം കോളനിക്കും ലേഡീസ് ആന്റ് ജെറ്റിൽ മെന്നിന്നും ശേഷം മോഹൻലാലുമായി വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷ എന്താണ്?​

ലാൽ ഒരു പിടി കഥാപാത്രങ്ങളെ ചെയ്‌തിരിക്കുന്നു. മമ്മൂക്കയും ലാലും ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്നാണ് എനിക്കു തോന്നുന്നത്. അതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഉണ്ടാക്കി എടുക്കുക എന്നു പറയുന്നത് ഒരു വലിയ ചലഞ്ചാണ്. ആ ഒരു അന്വേഷണത്തിനിടയിലാണ് ഇങ്ങനൊരു ക്യാരക്ടർ വീണു കിട്ടുന്നത്. ഇതു ചെയ്യാൻ ലാലിന് മാത്രമേ കഴിയുകയുള്ളു എന്ന് ചിന്തിക്കുന്നിടത്തു നിന്നാണ് ബിഗ് ബ്രദർ ആരംഭിക്കുന്നത് . അമ്മ ഷോയ്ക്കിടയിലാണ് ലാലിനോട് കഥ പറക്കുന്നത്. വൺ ലൈൻ പറഞ്ഞപ്പോൾ തന്നെ ലാലിന് ഇഷ്ടമായി. ഇതിലെ ലാലിനെ പ്രേക്ഷകർ ആദ്യമായിട്ടായിരിക്കും കാണുന്നത്. പ്രേക്ഷകൻ എപ്പോഴും മോഹൻലാൽ എന്ന നടനിൽ നിന്ന് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ട്. ആ താൽപര്യത്തെ മുൻനിർത്തി കൊണ്ടുള്ള സിനിമയാണ് ബിഗ് ബ്രദർ.

വിയറ്റ്നാം കോളനിയിൽ നിന്ന് ബിഗ് ബ്രദറിലെത്തി നിൽക്കുമ്പോൾ മോഹൻലാൽ എന്ന സുഹൃത്തിന് സംഭവിച്ച മാറ്റം?​

ലാലിന്റെ ബേസിക് ക്യാരക്ടറിന് ഒരു മാറ്റവും വന്നിട്ടില്ല. വിയറ്റ്നാം കോളനിയിൽ അഭിനയിക്കുമ്പോഴുള്ള ലാലിന്റെ ഇമേജല്ല ഇപ്പോഴുള്ളത്. മലയാള സിനിമയിൽ തന്നെ ഏറ്റവും കൊമേർഷ്യൽ വാല്യുവുള്ള താരമാണ് മോഹൻലാൽ. പക്ഷേ ഇതൊന്നും തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ സ്വഭാവത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇമേജും വർക്കിംഗ് സ്‌റ്റൈലുമൊക്കെ മാറിയിട്ടുണ്ടെങ്കിലും സ്വഭാവത്തിൽ ലാലിന് ഒരു മാറ്റവുമില്ല. ഇപ്പോഴും ആദ്യ സിനിമയിൽ അഭിനയിക്കുന്ന ത്രില്ലാണ് ലാലിന്. അതു തന്നെയാണ് എല്ലാ നടന്മാർക്കും വേണ്ടത്. മടുപ്പു വരരുത്. ചെയ്യുന്ന ജോലിയോട് മടുപ്പു വന്നാൽ എല്ലായിടത്തും അത് പ്രതിഫലിക്കും.


കൈയിലെ പരിക്കുമായാണ് മോഹൻലാൽ ബിഗ് ബ്രദറിൽ ഫൈറ്റ് ചെയ്‌തത് അല്ലേ? അതുമായി ബന്ധപ്പെട്ട് നടൻ അനൂപ് മേനോൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു.

വിദേശത്ത് ഫാമിലിക്കൊപ്പമുള്ള യാത്രക്കിടെ പറ്റിയതാണത്. ഷൂട്ടിനിടയിൽ ആദ്യമൊന്നും ലാൽ ഞങ്ങളെ അത് അറിയിച്ചില്ല. ചെറിയ വേദനയല്ലേ ഉള്ളൂ എന്ന് പറഞ്ഞു ഫൈറ്റ് ചെയ്തു. കൈയിലെ പരിക്കും വച്ചു കൊണ്ട് നാലു ദിവസമാണ് ഫൈറ്റ് ചെയ്‌തത്. അത് നിസാര കാര്യമല്ല. ഇങ്ങനൊന്നും ചെയ്യരുതേ ലാലേട്ടാ എന്ന് അനൂപ് എഴുതിയത് അതുകൊണ്ടാണ്. എനിക്കു സുഖമില്ല ഷൂട്ടിംഗ് നിർത്തിവയ്ക്ക് എന്ന് വേണമെങ്കിൽ ലാലിനു പറയാം. ഓപ്പറേഷനു വേണ്ടി പോകുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഞങ്ങൾ പോലും മനസിലാക്കുന്നത്. ഒന്നു പറഞ്ഞിരുന്നെങ്കിൽ ഷൂട്ടിംഗ് നിറുത്തി വയ്‌ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ, ഹേയ്... നിറുത്തിവച്ചാൽ നമ്മുടെ റിലീസൊക്കെ മാറ്റി വയ്ക്കണ്ടേ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്.

അർബാസ് ഖാൻ മതി എന്ന തീരുമാനം?​

ഒരു നോർത്ത് ഇന്ത്യൻ പൊലീസ് ഓഫീസറുടെ വേഷമാണ് അർബാസ് ഇതിൽ ചെയ്യുന്നത്. നോർത്ത് ഇന്ത്യൻ ആക്‌ടർ തന്നെ അതിന് വേണമെന്ന് ആലോചിച്ചപ്പോൾ അർബാസ് ഖാൻ ചെയ്താൽ നന്നായിരിക്കും എന്ന അഭിപ്രായം വന്നു. അർബാസിനെ നേരത്തെ തന്നെ എനിക്ക് അറിയുകയും ചെയ്യാം. അങ്ങനെയാണ് പുള്ളിയെ വിളിക്കുന്നത്. പരിചയം മുതലെടുക്കുകയാണെന്ന് തോന്നരുതേ എന്ന മുഖവുരയോടെയാണ് സംസാരിച്ചത്. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ, ഇതു ഞാൻ ചെയ്യും എന്നായിരുന്നു അർബാസിന്റെ മറുപടി. മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് അദ്ദേഹത്തിന്റെ വലിയൊരു ഡ്രീമായിരുന്നു. അത് ബിഗ് ബ്രദറിലൂടെ നടക്കുകയും ചെയ്തു.

നമ്മുടെ സിനിമാ ലൊക്കേഷനുകളുടെ സ്വഭാവമല്ല ബോളിവുഡിന്റെത്. അതു കൊണ്ടു തന്നെ സൽമാൻഖാന്റെ സഹോദരൻ , ബി ടൗണിലെ പ്രശസ്തനായ നിർമ്മാതാക്കളിലൊരാൾ എന്നീ മേൽവിലാസമുള്ള അർബാസ് ഖാനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവം?​

വളരെ ഫ്രണ്ട്ലിയാണ് അർബാസ്. ഹിന്ദി സെറ്റുകളിൽ പൊതുവെ എല്ലാവരും ഓരോരോ പോക്കറ്റ്സ് ആയിരിക്കും. സൽമാൻ വളരെ ഡിഫ്രന്റാണ്. മോഹൻലാലിനെ പോലെ തന്നെ എല്ലാവരോടും വളരെ ഫ്രീയായിട്ട് സംസാരിക്കുകയും നല്ല തമാശ പറയുകയുമൊക്കെ ചെയ്യുന്നയാളാണ് . മറ്റുള്ള പലരും അങ്ങനെയല്ല. തമിഴ് സിനിമാ സെറ്റുകളിൽ പോലും അതിന്റെ സ്വാധീനമുണ്ട്. എന്നാൽ മലയാളത്തിൽ അങ്ങനെയല്ല. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, തമാശ പറയുന്നു. വളരെ ഫ്രണ്ട്ലിയാണ് ഇവിടെ എല്ലാവരും. അത് അർബാസിനെ ഏറെ ആകർഷിച്ച ഘടകമായിരുന്നു.

മലയാളത്തിൽ എവർഗ്രീൻ ഹിറ്റുകൾ ഒരുക്കിയ കോംപിനേഷനാണ് സിദ്ദിഖ്- ലാലിന്റെത്. പക്ഷേ നടനായി മാറിയ ലാലിനെ സ്വന്തം സിനിമയിൽ അഭിനയിപ്പിക്കാൻ സിദ്ദിഖിന് ഫുക്രി വരെ സമയമെടുക്കേണ്ടി വന്നതിനു കാരണം?​

ഫുക്രിക്ക് മുമ്പ് ക്രോണിക്ക് ബാച്ചിലർ തമിഴിൽ 'എങ്കൾ അണ്ണെ' എന്ന പേരിൽ മൊഴി മാറ്റിയപ്പോൾ ലാൽ പ്രധാന വേഷം ചെയ്‌തിരുന്നു. പ്രധാനമായിട്ടും കഥാപാത്രങ്ങൾ ഉണ്ടായതിനു ശേഷം മാത്രമാണ് ഞാൻ എപ്പോഴും ആർട്ടിസ്‌റ്റുകളിലേക്ക് എത്തുക. ലാലിനെ അഭിനയിപ്പിക്കണം എന്നുപറഞ്ഞു കൊണ്ട് ഞാനിതുവരെ ഒരു ക്യാരക്‌ടർ ആലോചിച്ചിട്ടില്ല. ഓരോ സിനിമ കഴിയുമ്പോഴും അടുത്തത് ആരായിരിക്കും എന്നതു മാത്രമായിരിക്കും മനസിൽ.

ഒന്നിച്ച് സിനിമ ചെയ്‌തിരുന്ന സമയത്ത് എങ്ങനെയായിരുന്നു നിങ്ങൾ രണ്ടു പേർക്കുമിടയിലെ സിനിമാ ചർച്ചകൾ? തർക്കങ്ങൾ ഉണ്ടായിട്ടില്ലേ?

തർക്കങ്ങൾ തീർച്ചയായും ഉണ്ടാകും. അങ്ങനെ ഉണ്ടായിക്കഴിഞ്ഞാൽ ആരുടെ ഭാഗത്താണ് ശരിയെന്ന് ഞങ്ങൾ ആലോചിക്കും. അതാണ് ഞങ്ങളുടെ ഫ്രണ്ട്‌ഷിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു തരത്തിലുള്ള ഈഗോയും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.

അങ്ങനെ പരസ്‌പരം തർക്കിച്ച് പിന്നീട് ഒരു തീരുമാനത്തിലെത്തിയ ഏതെങ്കിലും സന്ദർഭത്തെ കുറിച്ച്?

ഗോഡ്ഫാദറിലെ കാര്യം തന്നെ പറയാം. ഒരുദിസവം ഷൂട്ട് ചെയ്യാൻ ലൊക്കേഷനിലെത്തിയപ്പോൾ സ്ഥലം എനിക്കത്ര ഇഷ്‌ടമായില്ല. അഭിനേതാക്കളും, ക്യാമറാമാനുമെല്ലാം റെഡിയായി നിൽക്കുവാണ്. ഞാൻ ആകെ അസ്വസ്ഥനായി. ഇവിടെ എടുത്താൽ എന്താ കുഴപ്പമെന്ന് ലാലും. അത് ശരിയാകില്ല ലാലേ, ഇങ്ങനെയല്ല ഈ സീൻ എടുക്കേണ്ടത് എന്ന് ഞാൻ പറഞ്ഞു. ലൊക്കേഷൻ ഷിഫ്‌റ്റ് ചെയ്‌താൽ അന്നത്തെ ഷൂട്ടിംഗ് കാൻസൽ ചെയ്യേണ്ടി വരുമെന്ന് ലാലും തട്ടിക്കൂട്ടി എടുത്താൽ ശരിയാവില്ലെന്ന് ഞാനും നിലപാടെടുത്തു. ഒടുവിൽ മനസില്ലാമനസോടെ ലൊക്കേഷൻ ഷിഫ്‌റ്റ് ചെയ്യാമെന്ന് ലാൽ സമ്മതിക്കുകയായിരുന്നു.

ഏതായിരുന്നു ഗോഡ്‌ഫാദറിലെ ലൊക്കേഷൻ മാറ്റി എടുത്ത ആ സീൻ?

കെ.പി.എ.സി ലളിത ചേച്ചിയുടെ വീടും അവിടെ ജഗദീഷ് വന്ന് വാതിൽ തള്ളി തുറക്കുന്നതുമൊക്കൊയിരുന്നു ആ സീൻ. ഷൂട്ട് ചെയ്‌ത് തീർന്നപ്പോൾ ലാലിനും സന്തോഷമായി. ഞങ്ങൾ വിചാരിച്ചതു പോലെ തന്നെ അത് വന്നിരുന്നു. അതുപോലെ ഹിറ്റ്‌ലറിലെ ഹോസ്‌പിറ്റൽ സീനും ഇത്തരത്തിൽ അഭിപ്രായ വ്യത്യാസത്തിൽ തുടങ്ങി ഒടുവിൽ യോജിച്ച് എടുത്തതാണ്. ലാലിനു മാത്രമല്ല പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് എനിക്കും യോജിക്കേണ്ടതായ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം നല്ല രീതിയിലുള്ള റിസൾട്ടും ഞങ്ങൾക്ക് സമ്മാനിച്ചിട്ടുണ്ട്.

മലയാള സിനിമ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൊന്നായ ആനപ്പാറ അച്ചാമ്മയെ ഫിലോമിനയ്‌ക്ക് സമ്മാനിച്ചത് സിദ്ദിഖ് ലാലാണ്. ശങ്കരാടി, പറവൂർ ഭരതൻ തുടങ്ങിയവരുടെ കാര്യവും അങ്ങനെ തന്നെ. പുതിയൊരു കഥ മനസിലേക്ക് വരുമ്പോൾ ഇവരുടെയൊക്കെ വിടവ് തോന്നാറുണ്ടോ?

പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ കഥാപാത്രം ചെയ്യാൻ നമുക്കിപ്പോൾ ആളില്ലല്ലോ എന്ന് പല അവസരങ്ങളിലും തോന്നിയിട്ടുണ്ട്. ഉദാഹരണമായിട്ട് കൊച്ചിൻ ഹനീഫ. ഹനീഫ്‌ക്കയെ എപ്പോഴും മിസ് ചെയ്യാറുണ്ട്. ഇന്നസെന്റ് ചേട്ടന്റെ പഴയ ആ വേഗത, കാരണവരെ സങ്കൽപ്പിക്കുമ്പോൾ മനസിൽ വരുന്ന ശങ്കരാടിച്ചേട്ടൻ, ഫിലോമിന ചേച്ചി അങ്ങനെ പലരും മനസിലേക്ക് ഓടി എത്താറുണ്ട്. അതുപോലെയൊക്കെയുള്ള ആർട്ടിസ്‌റ്റുകൾ ഇന്നുണ്ടാകാം, പക്ഷേ നമുക്ക് പരിചിതമല്ലല്ലോ?.

ഡി ഗ്രേഡിംഗിന്റെ അതിപ്രസരം ഇപ്പോൾ മലയാള സിനിമയിലില്ലേ? ഗോഡ് ഫാദറിലും റാംജി റാവ് സ്പീക്കിംഗിലുമെല്ലാം അതിന്റെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ?

സക്‌സസിനെ പെട്ടെന്ന് സ്വീകരിക്കാൻ മലയാളികൾക്ക് പൊതുവെ മടിയാണ്. അതുപോലെ തന്നെ എന്തെങ്കിലും ഒന്ന് പുതുതായിട്ട് വന്നാലും അതിനെ ആദ്യം സ്വാഗതം ചെയ്യുന്നത് മലയാളിയായിരുക്കും. റാംജി റാവ് സ്പീക്കിംഗിനെയും ഹരിഹർനഗറിനെയും വലിയ ഹിറ്റാക്കിയത് കോളേജ് സ്‌റ്റുഡൻസാണ്. ഇതൊക്കെ ഓടുമോ എന്ന് അന്നത്തെ സാമ്പ്രദായിക സിനിമാക്കാരൊക്കെ ചോദിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും. ആ വിജയങ്ങൾ ആവർത്തിക്കുമ്പോൾ ആ ഇഷ്‌ടം പതുക്കെ പതുക്കെ കുറയും. 'ഇവരുടെ അഹങ്കാരം ഒന്നു കുറയ്‌ക്കണോല്ലോ? എല്ലാം അങ്ങനെ സ്വീകരിച്ചാലും ശരിയാവില്ല' എന്ന് ചിലർ കരുതും. എന്തെങ്കിലും ചെറിയ മിസ്‌റ്റേക്ക് വന്നാൽ പോലും അതിനെ പർവതീകരിച്ച് അതാണ് സിനിമ എന്ന തരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തും.

സോഷ്യൽ മീഡിയയുടെ വരവ് ഇതിനൊക്കെ ആക്കം കൂട്ടിയിട്ടില്ലേ?

തീർച്ചയായും കൂടിയിട്ടുണ്ട്. ഇന്റർവെൽ സമത്തിനു മുമ്പു തന്നെ ആൾക്കാർ അഭിപ്രായങ്ങൾ എഴുതി തുടങ്ങും. ഇതൊക്കെ പ്രേക്ഷകരെ ഒരുപരിധി വരെ സ്വാധീനിക്കും. പണ്ടത്തെ കാലത്ത് നിരൂപണങ്ങൾക്ക് വലിയ ശക്തിയുണ്ടായിരുന്നില്ല. കാരണം ഒരു ചെറിയ വിഭാഗം മാത്രമായിരുന്നു അത് വായിച്ചിരുന്നത്. ഇന്നങ്ങനെയല്ല, സിനിമ കാണുന്നവരിൽ 100 പേരെ എടുത്താൽ അതിൽ 80 ശതമാനവും ചെറുപ്പക്കാരാണ്. അവരുടെ അഭിപ്രായങ്ങൾക്ക് വലിയ വാല്യുവുണ്ട്. അവർ പറയുന്നതാണ് ഇന്ന് സിനിമ. അവർക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ ആ സിനിമ പോയി. അതായി മാറിയിരിക്കുന്നു ഇന്നത്തെ അവസ്ഥ.

അതേസമയം, ന്യൂജനറേഷൻ ആൾക്കാരുടെ സിനിമയ്‌ക്ക് വലിയ പ്രാധാന്യവും യുവതലമുറ നൽകുന്നു. നമ്മളെയൊക്കെ ശത്രുക്കളായെങ്കിലും ചിലർ കാണുന്നുണ്ട്. സീനിയർ നടന്മാരായിട്ടുള്ള മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് വരെയുള്ളവർക്കാണ് ഈ പ്രശ്‌നം. ബാക്കിയെല്ലാം അവരുടെ ആളുകളാണ്. ഞങ്ങൾ നിങ്ങൾ എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹോളിവുഡിലെ പല സംവിധായകരുടെയും കാര്യം എടുത്തു കഴിഞ്ഞാൽ അറുപത് വയസിനു ശേഷമാണ് പലരുടെയും ഏറ്റവും മികച്ച സൃഷ്‌ടികൾ പിറന്നിട്ടുള്ളത്. എന്നാലിവിടെ മക്കളെയും നോക്കി പോയി വീട്ടിലിരുന്നോളൂ എന്നാണ് പരിഹാസം. പക്ഷേ ഞങ്ങൾ അങ്ങനെ പഴഞ്ചനാകാൻ തയ്യാറല്ല.

സിനിമയ്‌ക്കുള്ളിൽ അത്തരമൊരു കോക്കസ് പ്രവർത്തിക്കുന്നുണ്ടോ?

കോക്കസല്ല ഓരോരുത്തരുടെയും താൽപര്യങ്ങളാണത്. ഇൻഡസ്‌ട്രി നിലനിൽക്കണമെങ്കിൽ വലിയ സിനിമകൾ ഓടേണ്ടതുണ്ട്. മലയാള സിനിമാ ഇൻഡസ്‌ട്രിക്ക് പെട്ടന്നൊരു കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറുമൊക്കെ. ഇത്രയും വലിയ മാർക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടും. അങ്ങനത്തെ സിനിമകൾ വന്നില്ലായിരുന്നുവെങ്കിൽ ഇൻഡ്സ്ട്രി വളരില്ലായിരുന്നു. നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പർ സ്‌റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങൾ അറ്റാക്ക് ചെയ്‌‌ത് ഇല്ലാതാക്കിയാൽ അതുകൊണ്ട് നശിക്കാൻ പോകുന്നത് ഇൻഡസ്‌ട്രി തന്നെയാണ്. പുതിയ ആളുകൾക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക. തണ്ണീർമത്തൻ ദിനങ്ങൾ പോലുള്ള ചിത്രങ്ങൾക്ക് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതിൽ അവിടെ തുറന്നതു കൊണ്ടാണ്. അത് തുറക്കാൻ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹൻലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക.

സിദ്ദിഖ് ലാലിന്റെ ആദ്യ തിരക്കഥയായിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പൻ. ഫാന്റസിയും ഹാസ്യവും കോർത്തണിക്കി ഒരുക്കിയ ചിത്രം വൻ പരാജയമായതിന്റെ കാരണം ചിന്തിച്ചിട്ടുണ്ടോ?

കാലത്തിന് വളരെ മുമ്പേ വന്ന സബ്‌ജക്‌ടായിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പന്റെത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാൻ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുപ്പോൾ അത് ഡോക്യമെന്ററിയായി പോവില്ലേ? ആ കാലഘട്ടത്തിൽ പപ്പനിലേതു പോലുള്ള ഒരു കോൺസപ്‌ട് സിനിമയിൽ വന്നിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല, ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിന്റെ ഒരു പ്രാരാബ്‌ധതയും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബഡ്‌ജറ്റിൽ എടുക്കേണ്ട സിനിമ ആയിരുന്നില്ല പപ്പൻ പ്രിയപ്പെട്ട പപ്പൻ.

മണിച്ചിത്രത്താഴിലും നാടോടിക്കാറ്റിലും സിദ്ദിഖ് ലാലിന്റെ കൈയൊപ്പുണ്ടല്ലോ?

ഷൂട്ടിംഗ് അത്യാവശ്യമായി തീർക്കേണ്ട അവസരം വന്നപ്പോഴാണ് ഞങ്ങൾ മണിച്ചിത്രത്താഴിൽ ഭാഗമാകുന്നത്. പ്രിയദർശനും സിബി മലയിലുമെല്ലാം അതിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹ്യൂമർ രംഗങ്ങളായിരുന്നു ഞാനും ലാലും കൈകാര്യം ചെയ‌്തത്.

കാലില്ലാ കോലങ്ങൾ എന്ന ഞങ്ങളുടെ കഥയാണ് പിന്നീട് നാടോടിക്കാറ്റായി മാറിയത്. പപ്പൻ പ്രിയപ്പെട്ട പപ്പനൊപ്പമാണ് ഈ കഥയും സത്യൻ അന്തിക്കാടിനോട് പറയുന്നത്. പക്ഷേ അദ്ദേഹം അന്ന് പപ്പൻ സിനിമയാക്കുകയായിരുന്നു. പിന്നീട് ചില മാറ്റങ്ങൾ വരുത്തിയാണ് സത്യൻ അന്തിക്കാട് തന്നെ നാടോടിക്കാറ്റ് ഒരുക്കി. എന്നാൽ ദാസനെയും വിജയനെയും ശത്രുക്കളായ കഥാപാത്രങ്ങളായി അവതരിപ്പിച്ചു കൊണ്ട് ഞങ്ങൾ എടുത്ത ചിത്രമായിരുന്നു റാംജി റാവ് സ്പീക്കിംഗ്.

അഭിനേതാവായ ലാലിന്റെ വഴിയിൽ ഇനി എന്നാണ് സിദ്ദിഖ് സഞ്ചരിക്കുക?

അഭിനയം എനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ അഭിനയിക്കുന്നതിനേക്കൾ മറ്റൊരാളെ കൊണ്ട് അഭിനയിപ്പിക്കാനാണ് എനിക്ക് ഇഷ്‌ടം. അതിലാണ് എന്റെ ത്രില്ല് ഞാൻ കണ്ടെത്തുന്നത്. റാഫി മെക്കാർട്ടിനടക്കം പലരും അവരുടെ സിനിമകളിലേക്ക് നിർബന്ധിച്ചതാണ്. ഇതുവരേയ്‌ക്കും അഭിനയിക്കാൻ തോന്നിയിട്ടില്ല എന്നതാണ് സത്യം.

ഷെയ്‌ൻ നിഗവും, ഹേമ കമ്മിഷനുമെല്ലാം മലയാള സിനിമയുടെ നേർക്ക് വിരൽ ചൂണ്ടുകയാണ്?

സിനിമ പലതരം സ്വഭാവമുള്ള ആൾക്കാരുടെ പ്രവർത്തന മേഖലയാണ്. ഒരുപക്ഷേ സിനിമയിൽ മാത്രമല്ല എല്ലായിടത്തും അത്തരക്കാരുണ്ട്. സിനിമയിൽ നിന്നാകുമ്പോൾ കാഴ്‌ചക്കാർക്ക് കൂടുതൽ താൽപര്യമുണ്ടാകുമെന്ന് മാത്രം. പണ്ടത്തെ ഒരു അവസ്ഥ വച്ചു നോക്കിയാൽ സിനിമാ മേഖലയിൽ ഇന്ന് അത്തരത്തിലുള്ള അനിഷ്‌ട സംഭവങ്ങൾ കുറവാണെന്നു തന്നെ പറയാം. ആ കാലഘട്ടത്തെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർ വളരെ ഓപ്പൺ ആണ്. ഈ പറയുന്ന ലഹരി ഉപയോഗവും സ്ത്രീ പീഡനവുമെല്ലാം പൊതുസമൂഹത്തിൽ എത്രയുണ്ടോ അത്ര തന്നെ സിനിമയിലുമുണ്ടാവാം. അത് തീർച്ചയാണോ എന്ന് എന്നോട് ചോദിച്ചുകഴിഞ്ഞാൽ അനുഭവത്തിൽ ഇല്ല എന്നതായിരിക്കും ഉത്തരം. എന്റെ സിനിമാ സെറ്റുകളിൽ ഇതുവരെ ആരും അത്തരത്തിൽ മോശമായി പെരുമാറിയിട്ടില്ല.