നടൻ ഇന്ദ്രൻസുമായി തനിക്കുള്ള ബന്ധം ഏറെ വൈകാരികമാണെന്ന് സുരേഷ് ഗോപി. തന്റെ ഒരുപാട് സിനിമകൾക്ക് ഇന്ദ്രൻസ് കോസ്റ്റ്യൂം ചെയ്‌തിട്ടുണ്ടെങ്കിലും ജീവിതത്തോട് അടുത്തു നിൽക്കുന്നതാണ് ഇന്ദ്രൻസുമായുള്ള വൈകാരിക ബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു. അപകടത്തിൽ മരിച്ചു പോയ മകൾ ലക്ഷ്‌മിയെ അടക്കം ചെയ്‌തത് ഇന്ദ്രൻസ് തുന്നിതന്ന ഷർട്ട് പുതച്ചാണെന്ന് താരം വ്യക്തമാക്കി. കോടീശ്വരൻ പരിപാടിക്കിടെ പ്രേക്ഷകരോടാണ് സുരേഷ് മനസു തുറന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ-
'എന്റെ ഒരുപാട് സിനിമകൾക്ക് ഇന്ദ്രൻസ് കോസ്റ്റ്യൂം ചെയ്‌തിട്ടുണ്ട്. എന്റെ ജീവിതവുമായി തുന്നിപ്പിടിപ്പിച്ചു ചേർത്ത ബന്ധമുണ്ട് ഇന്ദ്രൻസിന്. ഉത്സവമേളം എന്ന സിനിമയിൽ വളരെ കളർഫുളായ വേഷമായിരുന്നു എനിക്ക്. മഞ്ഞയിൽ ഗ്രേഷ് ബ്ളൂ വരകളുള്ള ഷർട്ടും മുണ്ടുമായിരുന്നു എന്റെ വേഷം. അന്ന് മമ്മുക്കയടക്കമുള്ളവർ എന്നെ വിളിക്കുന്നത് 'മഞ്ഞൻ' എന്നാണ്. മഞ്ഞ നിറത്തോട് എനിക്ക് ഭയങ്കര ഭ്രമമാണ്. ഷൂട്ടിംഗ് കഴിയുമ്പോൾ ആ ഷർട്ട് എനിക്ക് കൊണ്ടുപോകാൻ തരണേയെന്ന് ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോൾ ഇന്ദ്രൻസ് ആ ഷർട്ട് എനിക്ക് പൊതിഞ്ഞു കൊണ്ടു തന്നു. അന്ന് കൂടുതലും ഞാൻ ധരിച്ചിരുന്നത് ആ ഷർട്ടായിരുന്നു.
1992 ജൂൺ ആറാം തീയതി എറണാകുളത്തേക്ക് ഞാൻ എന്റെ മകളെ ഭാര്യയേയും അനിയനെയും ഏൽപ്പിച്ച് എറണാകുളത്തു വന്ന് തിരിച്ചു പോകുന്ന വഴിക്ക് പിന്നെ അവളില്ല. അന്ന് ഞാൻ ഇട്ടിരുന്നത് ഈ മഞ്ഞ ഷർട്ടായിരുന്നു. എന്റെ വിയർപ്പു മുഴുവൻ ഇഷ്‌ടമുള്ള മോളായിരുന്നു അവൾ. പിറ്റേ ദിവസം അവളെ അടക്കുന്നതിന് മുമ്പ് എന്റെ വിയർപ്പു നിറഞ്ഞു നിന്ന ആ ഷർട്ടൂരി അവളുടെ മുഖത്ത് പുതച്ചാണ് മോളെ അടക്കം ചെയ്‌തത്. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രൻസ് തന്ന ഷർട്ടിന്റെ ചൂടിലാണ്. ഇന്ദ്രനസുമായുള്ള ബന്ധത്തെ ഇങ്ങനെ വ്യാഖ്യാനിക്കാണ് എനിക്കിഷ്‌ടം'.