കൊച്ചി: സംസ്ഥാന സർക്കാർ ഒരുക്കുന്ന ദ്വിദിന ആഗോള നിക്ഷേപക സംഗമായ അസെൻഡ് കേരളയുടെ രണ്ടാം പതിപ്പിന് നാളെ കൊച്ചി ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും.
സംഗമത്തിലെ വിവിധ സെഷനുകളിൽ മന്ത്രിമായ എ.കെ. ശശീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, വി.എസ്. സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, റെവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു, വ്യവസായ വകുപ്പ് ഡയറക്‌ടർ കെ. ബിജു, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എം.ജി. രാജമാണിക്യം, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്‌ടർ അൽകേഷ് കുമാർ ശർമ്മ, കേന്ദ്ര ഭക്ഷ്യസംസ്‌കരണ സെക്രട്ടറി മനോജ് ജോഷി തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിക്കും.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. രവി പിള്ള, വി.കെ.എൽ. ഹോൾഡിംഗ് കമ്പനി ചെയർമാൻ ഡോ. വർഗീസ് കുര്യൻ, ടൈ കേരള പ്രസിഡന്റ് എം.എസ്.എ. കുമാർ, കിറ്റെക്‌സ് ഗാർമെന്റ്‌സ് ചെയർമാൻ സാബു എം. ജേക്കബ്, ഇസാഫ് സ്ഥാപകൻ കെ. പോൾ തോമസ് തുടങ്ങിയ വ്യവസായ പ്രമുഖരും സംബന്ധിക്കും.
രജിസ്‌ട്രേഷന് മികച്ച
പ്രതികരണം
അസെൻസ് കേരള - 2020ന് രജിസ്‌ട്രേഷൻ ഇതിനകം 2,000 കവിഞ്ഞു. 1,500 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. സ്‌റ്റാർട്ടപ്പ് രജിസ്‌ട്രേഷൻ തീയതി ഡിസംബർ ഒമ്പത് വരെയാണ് നിശ്‌ചയിച്ചിരുന്നത്. പിന്നീട്, തീയതി നീട്ടുകയായിരുന്നു. രജിസ്‌റ്റർ ചെയ്‌തവർക്ക് ഉത്‌പന്നങ്ങൾ നിക്ഷേപകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഏഞ്ചൽ നിക്ഷേപകർക്കും മുന്നിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും.