ടെഹ്‌റാൻ : അമേരിക്കൻ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ പാർലമെന്റ് ബില്ല് പാസാക്കി. വെള്ളിയാഴ്ച ബാഗ്‌ദാദിൽ അമേരിക്ക ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴു പേരെ മിന്നലാക്രമണത്തിൽ വധിച്ചതിന് പിന്നാലെയാണിത്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് യു.എസിനെതിരെ ഇറാൻ വീണ്ടും നടപടിയെടുത്തത്.
ഇറാൻ പാർലമെന്റിന്റെ ബില്ലിൽ അമേരിക്കയുടെ എല്ലാ സേനാ വിഭാഗങ്ങളെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ ജീവനക്കാരെയും അനുബന്ധ സംഘടനകളെയും ഏജന്റ്മാരെയും സുലൈമാനിയുടെ 'രക്തസാക്ഷിത്വ'ത്തിന് ഉത്തരവിട്ടവരെയും ഭീകര ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്. ഇവർക്ക് സൈനിക, സാമ്പത്തിക,സാങ്കേതിക, ഇന്റലിജൻസ് സഹായങ്ങൾ നൽകുന്നവരെ ഭീകരപ്രവർത്തനത്തിന് കൂട്ടുനിന്നതായി കണക്കാക്കുമെന്നും ബില്ലിൽ പ്രഖ്യാപിച്ചിട്ടുണ്ട്അമേരിക്കയ്‌ക്കെതിരെ നീങ്ങിയാൽ വൻ തിരിച്ചടി നേരിടുമെന്ന ട്രംപിന്റെ ഭീഷണി തള്ളിയാണ് ഇറാന്റെ നീക്കം.
കഴിഞ്ഞ വർഷം ഇറാൻ സൈന്യമായ റവലൂഷണറി ഗാർഡ്സിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഒരു വിദേശരാജ്യത്തിന്റെ സൈന്യത്തെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചത് ആദ്യമായിരുന്നു.
ഇറാനു മേൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ട്രംപിന്റെ തലയ്ക്ക് ഇറാനിൽ 576 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് നിന്ന് യു.എസ് സൈന്യം പിൻവാങ്ങണമെന്ന് ഇറാക്ക് പാർലമെന്റും മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയെ കൈയൊഴിയുന്നു?
ബാഗ്ദാദിലെ ആക്രമണത്തിൽ സഖ്യകക്ഷികളുടെ പിന്തുണ പോലും അമേരിക്കയ്‌ക്ക് കിട്ടാത്തത് തിരിച്ചടിയായി
ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങൾ തകർക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ ബ്രിട്ടൻ വിമർശിച്ചിരുന്നു. സാംസ്‌കാരിക കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമായിരിക്കുമെന്നും അതിനെ പിന്തുണയ്ക്കില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അമേരിക്കയുടെ ഉറ്റ സുഹൃത്തും ഇറാന്റെ കടുത്ത ശത്രുവും ആയിട്ടുപോലും സുലൈമാനിയുടെ കൊലപാതകത്തെ ഇസ്രയേൽ പിന്തുണച്ചില്ല. സംഭവത്തിൽ ഇസ്രയേലിനെ വലിച്ചിഴക്കരുതെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഇറാന്റെ മറ്റൊരു എതിരാളിയായ സൗദി അറേബ്യയും സ്ഥിതിഗതികൾ ശാന്തമാക്കണമെന്ന നിലപാടിലാണ്. അനുരഞ്ജനമുണ്ടാക്കാൻ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ അമേരിക്കയിലെത്തിയിട്ടുണ്ട്.