കൊച്ചി: കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് പ്രാരംഭ ഓഹരി വില്‌പനയ്ക്കുള്ള (ഐ.പി.ഒ) കരടുരേഖ (ഡി.ആർ.എച്ച്.പി) സെബിക്ക് (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) സമർപ്പിച്ചു. 976-1,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 800 കോടി രൂപ പുതിയ ഓഹരികളിലൂടെയും 176.2 കോടി രൂപ ഓഫർ ഫോർ സെയിൽ (ഒ.എഫ്.സ്) വഴിയുമാകും സമാഹരിക്കുക.
നിലവിലുള്ള ഓഹരി ഉടമകളിൽ താത്പര്യമുള്ളവർ നിശ്‌ചിത ഓഹരികൾ ഐ.പി.ഒയിൽ വില്പനയ്ക്ക് വയ്ക്കുന്നതാണ് ഒ.എഫ്.എസ്. ഐ.പി.ഒയ്ക്ക് മുന്നോടിയായി 300 കോടി രൂപയുടെ ഓഹരികൾ പ്രീ-ഐ.പി.ഒ പ്ളേസ്‌മെന്റിലൂടെ നിക്ഷേപകർക്ക് നൽകിയേക്കും. അങ്ങനെയുണ്ടായാൽ, ഈ തുക പുതിയ ഓഹരി വില്‌പനയിൽ നിന്ന് കുറവ് ചെയ്യും. ആക്‌സിസ് കാപ്പിറ്റൽ, ഈഡൽവീസ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ എന്നിവയാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ (ബി.ആർ.എൽ.എം).
കെ. പോൾ തോമസിന്റെ നേതൃത്വത്തിൽ മൈക്രോഫിനാൻസ് സ്ഥാപനമായി തുടങ്ങിയ ഇസാഫ്, 2015ലാണ് റിസർവ് ബാങ്കിൽ നിന്ന് സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ് നേടിയത്. 2017ൽ പ്രവർത്തനം ആരംഭിച്ചു. കേരളം ആസ്ഥാനമായുള്ള വാണിജ്യ ബാങ്കുകളെല്ലാം നേരത്തേ തന്നെ ഐ.പി.ഒ നടപടികളിലൂടെ ഓഹരി വിപണിയിൽ സാന്നിദ്ധ്യമറിയിച്ചിരുന്നു. തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്ക് (കാത്തലിക് സിറിയൻ ബാങ്ക്) കഴിഞ്ഞമാസമാണ് ഓഹരി വിപമിയിൽ പ്രവേശിച്ചത്.