ജെ.എൻ.യു കമ്മ്യൂണിസ്റ്റുകാരുടെ കേന്ദ്രമെന്ന്
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന മുഖം മൂടി ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദൾ എറ്റെടുത്തു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ഹിന്ദു രക്ഷാദൾ നേതാവ് ഭൂപേന്ദ്ര തോമർ എന്ന പിങ്കി ചൗധരി പങ്കുവച്ചു.
'ജെ.എൻ.യു. കമ്മ്യൂണിസ്റ്റുകാരുടെ കേന്ദ്രമാണ്, അത്തരം കേന്ദ്രങ്ങളെ അംഗീകരിക്കാനാവില്ല. അവർ നമ്മുടെ മതത്തെയും രാജ്യത്തെയും ദുരുപയോഗം ചെയ്യുന്നു. നമ്മുടെ മതത്തോടുള്ള അവരുടെ മനോഭാവം ദേശവിരുദ്ധമാണ്. ഭാവിയിൽ, ആരെങ്കിലും ദേശീയ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചാൽ മറ്റ് സർവകലാശാലകളിലും ഞങ്ങൾ ഇതേ നടപടി സ്വീകരിക്കും. അവർ നമ്മുടെ രാജ്യത്താണ് താമസിക്കുന്നത്, അവർ ഇവിടെ ഭക്ഷണം കഴിക്കുന്നു, ഇവിടെ വിദ്യാഭ്യാസം നേടുന്നു, തുടർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു ജെ.എൻ.യു. സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം ഞങ്ങളുടെ പ്രവർത്തകരായിരുന്നു. രാജ്യത്തിനായി ജീവൻ ബലിയർപ്പിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ് '- 1 മിനിറ്റും 59 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ സംഘടന അവകാശപ്പെടുന്നു.എന്നാൽ പൊലീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
മിന്നലാക്രമണമെന്ന്
പ്രോ വൈസ് ചാൻസലർ
കാമ്പസിൽ നടന്നത് മിന്നലാക്രമണമാണെന്ന് പ്രോ വൈസ് ചൈൻസലർ ചിന്താമണി മഹാപത്ര പറഞ്ഞു. ആസൂത്രിത ആക്രമണമാണ് നടന്നത്. പുറത്ത് നിന്നുള്ളവരാണ് അക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, മൂന്ന് മണിക്കൂറോളം കാമ്പസിൽ അക്രമം അഴിച്ച് വിട്ട് അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും തല്ലിച്ചതച്ചകേസിൽ പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ചു വ്യക്തമായ സൂചന പുറത്ത് വന്നിട്ടും എല്ലാ പരാതികളും ചേർത്ത് ഒരു കേസ് മാത്രമാണു ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്..ഇതിനിടെ സർവകലാശാലയിലെ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ച് ജെ.എൻ.യു അദ്ധ്യാപകൻ സി.പി. ചന്ദ്രശേഖർ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക കണക്കുകൾ വിശകലനം ചെയ്യുന്ന പാനലിൽ നിന്ന് രാജി വച്ചു.