വൈക്കം: അമിത വേഗതയിലെത്തിയ സ്വകാര്യബസ് കാറിലേക്ക് പാഞ്ഞുകയറി കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേരും തൽക്ഷണം മരിച്ചു. വൈക്കം വെച്ചൂർ റോഡിൽ ചേരുംചുവട് പാലത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടം. ഉദയംപേരൂർ പത്താംമൈൽ മനയ്ക്കപ്പറമ്പിൽ വിശ്വനാഥൻ (62), ഭാര്യ ഗിരിജ (57), മകൻ സൂരജ് (32), വിശ്വനാഥന്റെ സഹോദരൻ സതീശന്റെ ഭാര്യ അജിത (49) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 5.50 ഓടെയായിരുന്നു അപകടം. കാർ ബസിനടിയിൽപ്പെട്ട നിലയിലായിരുന്നു.
ചേർത്തല വേളാർവട്ടം ക്ഷേത്രത്തിൽ ദർശനത്തിന് പോവുകയായിരുന്നു വിശ്വനാഥനും കുടുംബവും. ഉല്ലലയിൽ നിന്ന് രാവിലെ വൈക്കം വൈറ്റില ഹബ് സർവീസിനായി സ്റ്റാൻഡിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. സൂരജാണ് കാർ ഓടിച്ചിരുന്നത്. ചേരും ചുവടു പാലം കയറി വെച്ചൂർ റോഡിലേക്ക് പ്രവേശിച്ച കാറിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. കാറിനു മുകളിലൂടെ കയറിയ ബസ് അല്പദൂരം നീങ്ങി സമീപത്തെ മതിൽ തകർത്താണ് നിന്നത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വൈക്കം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റിട്ട. കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ് വിശ്വനാഥൻ. സൂരജ് ഉദയംപേരൂരിൽ കട നടത്തിവരികയായിരുന്നു.
മരണമടഞ്ഞ വിശ്വനാഥന്റെ മറ്റൊരു മകൾ അഞ്ജുഷ :മരുമകൻ: അഭിലാഷ്. മരണമടഞ്ഞ അജിതയുടെ മക്കൾ: സാന്ദ്ര (ഇൻഫോപാർക്ക്), സാഹിൽ. മരുമകൻ: അനുജിത്ത്.