sulaimani-

ടെഹ്റാൻ: അമേരിക്കൻ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ കബറടക്കത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. 48ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സുലൈമാനിയുടെ ജന്മനാടായ കെർമാനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ഇത്രയും പേർ മരിച്ചത്. ദശലക്ഷക്കണക്കിന് പൗരൻമാരാണ് സുലൈമാനിയുടെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്തത്.

സമീപകാലത്തൊന്നും ഇറാൻ കാണാത്ത വലിയ ജനസഞ്ചയമാണ് ടെഹ്‌റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉൾപ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര. അഭൂതപൂർവമായ ജനത്തിരക്ക് ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം കൊടുത്ത മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ 1989ലെ അന്ത്യയാത്രയെ ഓർമിപ്പിച്ചു

അമേരിക്ക തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങൾ സുലൈമാനിയുടെ അന്ത്യയാത്രയിൽ അലയടിച്ചിരുന്നു. മേഖലയിലെ യുഎസ് സൈനികരുടെ മരണവാർത്തകളാണ് ഇനിയവരുടെ കുടുംബങ്ങൾ കേൾക്കാനിരിക്കുന്നതെന്നു സുലൈമാനിയുടെ മകൾ സൈനബ് ജനക്കൂട്ടത്തോടു പറഞ്ഞിരുന്നു. പ്രതികാരം ഉറപ്പെന്നു സുലൈമാനിയുടെ പിൻഗാമിയായി ഖുദ്‌സ് ഫോഴ്‌സ് തലവനായ ഇസ്മായിൽ ഗാനി ഇറാൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.