sadaf

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജാഫർ, വിരമിച്ച ഐ.പി.എസ് ഓഫീസർ എസ്.ആർ. ധാരാപുരി എന്നിവർ രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ മോചിതരായി. ഡിസംബർ19 ന് നടന്ന പ്രതിഷേധത്തിൽ ഫേസ്ബുക്ക് ലൈവ് നൽകുന്നതിനിടയിലാണ് സദഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരുൾപ്പെടെ 14പേർക്ക് ശനിയാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസ് മർദ്ദിച്ചതായി സദഫ് മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.

'എന്റെ വയറ്റിൽ അവർ ചവിട്ടി, പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നെ അധിക്ഷേപിച്ചു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്റെ മുഖത്തടിച്ചു. തുടർന്ന് ഒരു പുരുഷ ഓഫീസറും അടിച്ചു. ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഓഫീസറാണെന്നാണ് അയാൾ പറഞ്ഞത്. അയാൾ എന്റെ വയറ്റിൽ ആഞ്ഞുതൊഴിച്ചു.'- സദഫ് പറഞ്ഞു.

സദഫ് ജാഫറിന്റെ അറസ്റ്റ് വിവാദമായിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി, സംവിധായിക മീരാ നായർ എന്നിവരുൾപ്പെടെ നിരവധി പേർ സദഫിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

'ഒരു ഇരുണ്ട ഗുഹയ്ക്കകത്ത് കഴിയുന്നത് പോലെയാണ് തോന്നിയത്. എന്നെ കാണാൻ വന്നവരെയും തടങ്കലിലാക്കി. അതൊരു ഇരുണ്ട ഗുഹയായിരുന്നു. എനിക്ക് ഭക്ഷണമോ പുതപ്പോ തന്നിരുന്നില്ല.' - സദഫ് പറഞ്ഞു.