ടെഹ്റാൻ:ഇറാഖിലെ ബാഗ്ദാദിൽ അമേരിക്ക മിന്നലാക്രമണത്തിൽ വധിച്ച ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ ഖബറടക്കത്തിന് ദുഃഖാർത്തരായി ഇരമ്പിയെത്തിയ ജനലക്ഷങ്ങളുടെ തിക്കിത്തിരക്കിൽ 35 പേർ കൊല്ലപ്പെട്ടു. ഇതേതുടർന്ന് സുലൈമാനിയുടെ ജന്മനാടായ കെർമനിൽ ഇന്നലെ നടത്താനിരുന്ന ഖബറടക്കം മാറ്റി വച്ചു. വിലാപയാത്ര അപകടകരമായ തിരക്കായി മാറുകയായിരുന്നു. 48 പേർക്ക് ഗുരുതര പരിക്കേറ്റു.
അമേരിക്കൻ സൈനികരുടെ മരണവാർത്ത കേൾക്കാൻ തയ്യാറായിക്കൊള്ളൂ എന്ന് ജനക്കൂട്ടം ആർത്തലച്ചു. ‘അമേരിക്ക തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ അലയടിച്ചു.
പ്രതികാരം ഉറപ്പാണെന്ന് ഖുദ്സ് ഫോഴ്സിന്റെ പുതിയ തലവനായി നിയമിതനായ ഇസ്‌മായിൽ ഖാനി ഇറാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന വിലാപയാത്രയിൽ 10 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്ക്. വിലാപയാത്രയ്ക്കിടെ നടന്ന പ്രാർത്ഥനയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേനി വിങ്ങിപ്പൊട്ടി.
ഇറാൻ ഇതുവരെ കാണാത്തത്ര വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉൾപ്പെടെ വധിക്കപ്പെട്ട ആറുപേരുടെയും മൃതദേഹങ്ങളും വഹിച്ചായിരുന്നു അന്ത്യയാത്ര.
ഇറാനിലെ ഷാ ഭരണത്തിന് അന്ത്യം കുറിച്ച ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം കൊടുത്ത മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമൈനിയുടെ 1989ലെ അന്ത്യയാത്രയെ ഓർമ്മിപ്പിക്കും വിധമായിരുന്നു ജനത്തിരക്ക്.