farm-loan

കൊച്ചി: കഴിഞ്ഞ പത്തുവർഷത്തിനിടെ വിവിധ സംസ്ഥാനങ്ങൾ എഴുതിത്തള്ളിയ കാർഷിക വായ്‌പ 4.70 ലക്ഷം കോടി രൂപ. 2018-19ൽ 1.1 ലക്ഷം കോടി രൂപയായിരുന്നു കിട്ടാക്കടമായ കാർഷിക വായ്‌പകൾ. ആ വർഷത്തെ മൊത്തം കിട്ടാക്കടമായ 8.79 ലക്ഷം കോടി രൂപയുടെ 12.4 ശതമാനമായിരുന്നു അത്. 2015-16ൽ കാർഷിക കിട്ടാക്കടം 48,800 കോടി രൂപ മാത്രമായിരുന്നു. ആ വർഷത്തെ മൊത്തം കിട്ടാക്കടമായിരുന്ന 5.66 ലക്ഷം കോടി രൂപയുടെ 8.6 ശതമാനമായിരുന്നു അതെന്ന് എസ്.ബി.ഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2015 മുതൽ ഇതുവരെ ഇന്ത്യയിലെ പത്തുവലിയ സംസ്ഥാനങ്ങൾ ചേർന്ന് മാത്രം എഴുതിത്തള്ളിയ കാർഷിക കടം മൂന്നുലക്ഷം കോടി രൂപയാണ്. കൃഷിനാശം, വിലത്തകർച്ച, കർഷക ആത്‌മഹത്യകൾ, തിരഞ്ഞെടുപ്പ് എന്നിവയുടെ പശ്‌ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ കർഷകകടം എഴുതിത്തള്ളുന്നത്. വായ്‌പ എഴുതിത്തള്ളിയെങ്കിലും പുതിയ കാർഷിക വായ്‌പകൾക്ക് ഡിമാൻഡ് കുറവാണെന്നും റിപ്പോർട്ടിലുണ്ട്.

51,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് മഹാരാഷ്‌ട്ര അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവിടെ പുതിയ കാർഷിക വായ്‌പകളുടെ ഡിമാൻഡിലുണ്ടായ ഇടിവ് 40 ശതമാനമാണ്. കാർഷിക കടം എഴുതിത്തള്ളിയ കർണാടകയിൽ പുതിയ വായ്‌പാ വളർച്ച ഒരു ശതമാനം മാത്രം. പഞ്ചാബിൽ മൂന്നു ശതമാനവും.

₹6.68 ലക്ഷം കോടി

2019 മാർച്ചിലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം കാർഷിക വായ്‌പയിൽ 60 ശതമാനവും കിസാൻ ക്രെഡിറ്റ് കാർഡ് മുഖേനയുള്ളതാണ്. 6.68 ലക്ഷം കോടി രൂപയാണ് ഇതിന്റെ മൂല്യം.

എഴുതിത്തള്ളിയ

കാർഷിക കടം

(തുക കോടിയിൽ, ബ്രായ്ക്കറ്രിൽ വർഷം)

ആന്ധ്ര : ₹24,000 (2014-15)

തെലങ്കാന : ₹17,000 (2014-15)

തമിഴ്‌നാട് : ₹5,280 (2016-17)

മഹാരാഷ്‌ട്ര : ₹34,020 (2017-18)

ഉത്തർപ്രദേശ് : ₹36,360 (2017-18)

പഞ്ചാബ് : ₹10,000 (2017-18)

കർണാടക : ₹18,000 (2017-18)

കർണാടക : ₹44,000 (2018-19)

രാജസ്ഥാൻ : ₹18,000 (2018-19)

മദ്ധ്യപ്രദേശ് : ₹36,500 (2018-19)

ഛത്തീസ്ഗഢ് : ₹6,100 (2018-19)

മഹാരാഷ്‌ട്ര : ₹51,000 (2019-20)