കൊല്ലം: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 3 കോടി രൂപയും പുതിയ തസ്തികകളും അനുവദിച്ചാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അടുത്ത സാമ്പത്തിക വർഷം നഴ്സിംഗ് കോളേജ് ആരംഭിക്കും. ഇവിടെ നഴ്സിംഗ് കോളേജ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണമാണ് നീണ്ടുപോകുന്നത്.
നഴ്സിംഗ് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നഴ്സിംഗ് എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജിലെത്തി സ്ഥലസൗകര്യം സംബന്ധിച്ച് സർവേ നടത്തിയിരുന്നു. കോളേജ് ആരംഭിക്കാൻ അനുമതിതേടി നഴ്സിംഗ് കൗൺസിലിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
രണ്ട് വർഷത്തേക്ക് താൽക്കാലിക കെട്ടിടത്തിൽ നഴ്സിംഗ് കോളേജ് നടത്താൻ നഴ്സിംഗ് കൗൺസിൽ അനുമതി നൽകും. ഇങ്ങനെ ആരംഭിക്കുന്ന സ്ഥലത്ത് ലൈബ്രറിയും മറ്റ് പഠന സൗകര്യങ്ങളും ഒരുക്കാനാണ് മൂന്നു കോടി വേണ്ടത്. മെഡിക്കൽ കോളേജിന്റെ ആദ്യ രൂപരേഖയിൽ നഴ്സിംഗ് കോളേജ് കെട്ടിടത്തിനുള്ള ഇടം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, കെട്ടിട നിർമ്മാണം നടന്നില്ല. ഇവിടെ തന്നെ പുതിയ കെട്ടിടം നിർമ്മിക്കാനും ആശുപത്രി കോമ്പൗണ്ടിന് പുറത്ത് സ്ഥലം ഏറ്റെടുക്കാനും ആലോചനയുണ്ട്. അടിസ്ഥാന സൗകര്യം ഒരുക്കാൻ ഫണ്ട് ആവശ്യപ്പെട്ട് നഴ്സിംഗ് ജോയിന്റ് ഡയറക്ടർ കേന്ദ്ര സർക്കാരിനും അപേക്ഷ നൽകിയിട്ടുണ്ട്.
പ്രതീക്ഷ വരുന്ന ബഡ്ജറ്റിൽ
സംസ്ഥാന സർക്കാരിന്റെ വരുന്ന ബഡ്ജറ്റിൽ നഴ്സിംഗ് കോളേജിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള തുകയ്ക്കൊപ്പം പുതിയ തസ്തികകളും അനുവദിക്കുമെന്നാണ് പ്രതീക്ഷ. നഴ്സിംഗ് കോളേജ് വന്നാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനവും കൂടുതൽ മെച്ചപ്പെടും.