nirbaya

ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികൾക്കെതിരെയും മരണവാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഈ മാസം 22ന് എഴ് മണിക്ക് തൂക്കിലേറ്റും. ഏഴുവർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി നടപ്പാക്കുന്നത്. കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ ആർ ബാനുമതി, എ.എസ് ബൊപ്പണ്ണ, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി തള്ളിയത്.

ജയിലിൽ പുതിയ നാലു തൂക്കുമരങ്ങൾ തയ്യാറാക്കിയിരുന്നു. ഒരുമിച്ച് ചെയ്ത കുറ്റത്തിന് ഒരുമിച്ച് ശിക്ഷ എന്ന നിലപാടാണ് സർക്കാരിനുള്ളത്. നേരത്തെ ഇവിടെ ഒരു തൂക്കുമരം മാത്രമാണ് ഉണ്ടായിരുന്നത്. 4 പേരുടെയും ശിക്ഷ ഒരേ സമയം നടപ്പാക്കണമെന്ന നിർദേശം ഉയർന്നതോടെയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. ജയിലിൽ ജെ.സി.ബി എത്തിച്ചാണ് പണികൾ പൂർത്തീകരിച്ചത്. വധശിക്ഷയ്ക്ക് ശേഷം മൃതദേഹങ്ങൾ നീക്കാനുള്ള ഇടനാഴിയും പൂർത്തിയാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു.

നാല് പ്രതികളിലൊരാളായ അക്ഷയ് സിംഗ് ഠാക്കൂർ ഡിസംബർ 12 നാണ് പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. മറ്റ് മൂന്ന് പ്രതികളും സമർപ്പിച്ച പുനഃപരിശോധന ഹർജികൾ 2018 ജൂലായിൽ തള്ളിയിരുന്നു. പ്രതികൾക്കതിരെ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 'നിർഭയ'യുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് വിചാരണ കോടതി വിധി ഇന്ന് വിധി പറഞ്ഞത്.

2012 ഡിസംബർ 16 ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. ക്രൂരമായ പീഡനത്തിന് ഇരയായ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികൾ വഴിയിൽ തള്ളുകയും ചെയ്തു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങി.