കേന്ദ്രസർക്കാർ ജീവനക്കാർക്ക് 2019 ജനുവരി മുതലും ജൂലായ് മുതലും അനുവദിച്ച മൂന്ന് ശതമാനവും അഞ്ച് ശതമാനവും ക്ഷാമബത്ത (ഡി.എ) ഒരുവർഷമായിട്ടും കേരളത്തിലെ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും നാളിതുവരെ അനുവദിച്ചു നൽകിയില്ല. കേരള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ തെറ്റായി ഇതിനെ ജീവനക്കാർ കാണുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാന സർക്കാരുകളും തങ്ങളുടെ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ഇൗ ക്ഷാമബത്ത അനുവദിച്ച് നൽകിയിട്ടും കേരളത്തിൽ മാത്രം കഴിഞ്ഞ 12 മാസമായി ഇത് നിഷേധിക്കുന്നു.
വർദ്ധിച്ചുവരുന്ന വിലനിലവാരത്തിന്റെ അടിസ്ഥാനത്തിൽ അനുവദിക്കേണ്ട ക്ഷാമബത്ത എന്നെങ്കിലും ലഭിച്ചിട്ട് കാര്യമില്ല. 2019 ജനുവരി മുതലുള്ള ഡി.എ ഫെബ്രുവരിയിലും ജൂലായ് മുതലുള്ളത് ആഗസ്റ്റിലും കേന്ദ്രജീവനക്കാരും അദ്ധ്യാപകരും പെൻഷൻകാരും വാങ്ങിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെയും പേരിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനമായിപ്പോകുമെന്ന ഭയമായിരുന്നെങ്കിൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും കേരള സർക്കാർ ഡി.എ പ്രഖ്യാപിക്കുന്ന കാര്യത്തിൽ മൗനം പാലിക്കുന്നത് അനീതിയും ക്രൂരവുമാണ്. ഡി.എക്ക് അർഹരായ നിരവധി പെൻഷൻകാർ അസുഖത്താലും പ്രായാധിക്യത്താലും വിഷമിക്കുന്നവരാണ്. ഏതെങ്കിലും തരത്തിലുള്ള രോഗ ചികിത്സയ്ക്കായി മരുന്ന് കഴിക്കാത്ത പെൻഷൻകാർ വളരെ വിരളമാണ്. ഇങ്ങനെയുള്ളവർ കാലയവനികയിൽ മറയുന്നതിന് മുമ്പ് ഇവർക്കർഹതപ്പെട്ട ഇൗ ഡി.എ കൈപ്പറ്റാൻ അധികാരികൾ കനിയുമോ?
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാര വർദ്ധനവിനനുസരിച്ചാണ് നിലവിൽ ഒാരോ ആറുമാസം കഴിയുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. എന്നാൽ ഇൗ ക്ഷാമബത്ത കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് മാസങ്ങളായാലും സംസ്ഥാനത്തെ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും നൽകാതിരിക്കുന്നത് മൂലം ക്ഷാമബത്തയുടെ അർത്ഥംതന്നെ നഷ്ടപ്പെടുന്നു.
കേരളത്തിലെ സംസ്ഥാന ജീവനക്കാരും കേന്ദ്ര ജീവനക്കാരും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത് ഒരേ മാർക്കറ്റിൽ നിന്നുതന്നെയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും കേന്ദ്രസർക്കാർ അദ്ധ്യാപകർക്കും കേന്ദ്ര പെൻഷൻകാർക്കും അനുവദിച്ച ഡി.എ സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും അതേ നിരക്കിലും അതേ സമയത്തിലും രൊക്കം പണമായി അനുവദിച്ച് ഉത്തരവിറക്കാൻ അധികൃതരോടഭ്യർത്ഥിക്കുന്നു.
പിരപ്പൻകോട് സുശീലൻ, തിരുവനന്തപുരം.
Email:pirappancodesuseelan@gmail.com