കോഴിക്കോട്: ബി.ജെ.പി കേന്ദ്രമന്ത്രിമാർ കേരളത്തിലെത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്.ഡി.പി.ഐ. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ശേഷം പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൾ മജീദ് ഫൈസി പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തു നടത്തുന്ന മുഴുവൻ സർവേകളും സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തിവയ്പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിനുള്ള പ്രളയസഹായം നിഷേധിച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപകപോക്കലാണ്. അതുകൊണ്ടു തന്ന ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുത്. അംഗനവാടി ജീവക്കാരെ ഉപയോഗിച്ച് സർവ്വേ നടത്തി വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നുണ്ട്. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 11 മുതൽ പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി എസ്‍.ഡി.പി.ഐ ക്യാമ്പയിനുകൾ ആരംഭിക്കുമെന്നും അബ്ദുൾ മജീദ് ഫൈസി കൂട്ടിച്ചേർത്തു. അതേസമയം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനടക്കമുള്ള കാര്യങ്ങൾ കേരളത്തെ തടഞ്ഞ നടപടിക്ക് പിന്നാലെ പ്രളയബാധിത മേഖലകളിൽ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ രംഗത്തെത്തി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടൺ അരിയുടെ വിലയായി 205.81 കോടി രൂപ നൽകാനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.